തൃശൂർ: ഭരണഘടനയുടെയും രാജ്യത്തിന്റെയും ഭാവി നിർണയിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തോടെ പാർലമെന്റിൽ എത്തണമെന്ന് എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ. തൃശൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച ലേബർ പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മോദി ഭരണത്തിൽ രാജ്യം വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. യുവാക്കളും സ്ത്രീകളും സാധാരണ ജനങ്ങളുമാണ് മോദി ഭരണത്തിന്റെ ഇരകൾ. വികസനത്തെ കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചും തൊവിലവസരങ്ങളെ കുറിച്ചും നുണകൾ മാത്രമാണ് പ്രധാനമന്ത്രി പറയുന്നത്. രാജ്യത്തെ സ്ത്രീകൾക്കൊപ്പമെന്ന് പറയുമ്പോഴും മണിപ്പൂരിലെ സ്ത്രീകളെ നഗ്‌നരാക്കി പീഡിപ്പിച്ചപ്പോഴും ബ്രിജ് ഭൂഷൺ ഗുസ്തി താരങ്ങളെ അപമാനിച്ചപ്പോഴുമെല്ലാം യാതൊരു നടപടിയും സ്വീകരിച്ചില്ല. ക്രിമനലുകൾക്കാണ് ബി.ജെ.പി സീറ്റ് നൽകുന്നത്. ജനാധിപത്യത്തിന്റെ നിലനിൽപ്പ് നിർണയിക്കുന്ന തിരഞ്ഞെടുപ്പിനെ ജനം ഗൗരവത്തോടെ നോക്കികാണണമെന്നും അവർ അഭ്യർത്ഥിച്ചു.
സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.ജി. ശിവാനന്ദൻ, എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ്, ഫ്രെഡി കെ. താഴത്ത്, സി.ആർ. വത്സൻ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, എം.ആർ. രാജൻ തുടങ്ങിയവർ സംസാരിച്ചു.