തൃശൂർ: പൂരത്തിനിടെ രാത്രി മഠത്തിൽ വരവ് പഞ്ചവാദ്യം നിറുത്തേണ്ടിവന്നത് വേദനിപ്പിച്ചെന്ന് പ്രമാണി കോങ്ങാട് മധു. കൊവിഡ് ദുരന്തവേളയിൽ ആഘോഷങ്ങൾ നടക്കാതെ വന്നിട്ടുണ്ട്. എന്നാൽ ഈവിധമൊരു സംഭവം ആദ്യമാന്നെന്നും മധു കേരളകൗമുദിയോട് പറഞ്ഞു.
ഒരു മണിക്കൂറിലേറെ കൊട്ടി പാണ്ടി സമൂഹമഠം റോഡിൽ നിന്ന് സ്വരാജ് റൗണ്ടിലേക്കെത്തി വാദ്യക്കാർ നിരന്ന് കുറച്ചുനേരം കൊട്ടിയ ശേഷമാണ് മേളം നിറുത്താൻ കമ്മിറ്റിക്കാർ പറഞ്ഞത്. പകൽ നടന്ന മഠത്തിൽവരവ് പഞ്ചവാദ്യം തിരക്കിൽ കാണാൻ സാധിക്കാത്ത പലരും രാത്രി എത്താമെന്ന് പറഞ്ഞിരുന്നു. പക്ഷെ, നിയന്ത്രണങ്ങൾ മറികടന്ന് ആർക്കും എത്താനായില്ല.
നാലു പതിറ്റാണ്ടിലേറെ കാലം മഠത്തിൽ വരവ് പഞ്ചവാദ്യത്തിലെ നിറസാന്നിദ്ധ്യമായ കോങ്ങാട് മധുവാണ് ഏതാനും വർഷങ്ങളായി പഞ്ചവാദ്യ പ്രമാണി. നടുവിലാൽ എത്തുന്നതിനു മുൻപ് ഒരു തിമില, കൊമ്പ്, താളം, ഇടയ്ക്ക, മദ്ദളം എന്നിവ ഓരൊന്ന് മാത്രമായി നായ്ക്കനാലിൽ എത്തി പഞ്ചവാദ്യം അവസാനിപ്പിക്കുകയായിരുന്നു. സ്വരാജ് റൗണ്ടിൽ പഞ്ചവാദ്യം എത്തിയപ്പോഴാണ് സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ എല്ലാവഴികളും അടച്ചത്. ഇതോടെ തിരുവമ്പാടി വിഭാഗം പൂര ചടങ്ങുകൾ നിറുത്തിവയ്ക്കുകയായിരുന്നു.
കുട മാറ്റസമയത്ത് തെക്കെഗോപുര നടയിലൂടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നതും അലങ്കാരക്കുട കൊണ്ടു വരുന്നതും കമ്മിഷണർ തടഞ്ഞതും പ്രതിഷേധത്തിന് ഇടയ്ക്കിയിരുന്നു. കമ്മിഷണറുടെ നടപടിയിൽ അന്വേഷണം നടത്താൻ ഡി ജി.പിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചവാദ്യം നിറുത്തി തിരികെ വരുമ്പോൾ ഏറെ ദുഃഖിതനായിരുന്നു. ഇങ്ങനെ ഒന്നും സംഭവിക്കാൻ പാടില്ല.
- കോങ്ങാട് മധു