മാള : ഡോക്ടർമാർക്ക് ഇടയ്ക്കിടെയുണ്ടാകുന്ന വി.ഐ.പി ഡ്യൂട്ടിയും ഡെപ്യൂട്ടേഷനും മൂലം മാള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റുന്നു. നാലു ഡോക്ടർമാരുണ്ടെങ്കിലും മിക്കപ്പോഴും വി.ഐ.പി ഡ്യൂട്ടി മൂലം ഒരു ഡോക്ടറാണ് രോഗികളെ പരിശോധിക്കാനും മറ്റ് ജോലികൾക്കുമായി പെടാപ്പാട് പെടേണ്ടി വരുന്നത്. ശരാശരി 600ൽപ്പരം രോഗികളാണ് പ്രതിദിനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ഇതിൽ പ്രായമായവരും കുട്ടികളും വനിതകളുമെല്ലാമുണ്ട്. ഡോക്ടർമാരുടെ കുറവ് മൂലം ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രമാണ് രോഗികളെ പരിശോധിച്ച് മരുന്ന് നൽകാനുണ്ടായിരുന്നത്. കൊടുങ്ങല്ലൂരിൽ വി.ഐ.പി ഡ്യൂട്ടിക്ക് ആംബുലൻസുമായി ഡോക്ടർ അടങ്ങുന്ന മെഡിക്കൽ ടീം പോയതാണ് ഈ അവസ്ഥ ഉണ്ടാകാൻ കാരണം.
നാല് ഡോക്ടർമാരുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിലിവിൽ ഒരാൾ ഡെപ്യൂട്ടേഷനിലും മറ്റൊരു ഡോക്ടർ ലീവിലുമാണ്. വി.ഐ.പി ഡ്യൂട്ടി നിശ്ചയിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസ് മാള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നിലവിലെ സ്ഥിതി മനസിലാക്കാതെയാണ് പലപ്പോഴും തീരുമാനങ്ങൾ എടുക്കുന്നത്. കഴിഞ്ഞ ഹോസ്പിറ്റലിൽ മാനേജുമെന്റ് കമ്മിറ്റി മാള പഞ്ചായത്തിന്റെ ചെലവിൽ ഇവിടെ ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ മാള പഞ്ചായത്ത് ഇനിയും അതിൽ അനുകൂല തീരുമാനമെടുത്തിട്ടില്ല. ആവശ്യത്തിന് ഡോക്ടറെ നിയമിക്കുക, ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി. ഉടനെ ആരംഭിക്കുക എന്നിവ രോഗികളുടെ ദീർഘനാളായുള്ള ആവശ്യങ്ങളാണ്. ഡോക്ടർമാരെ വി.ഐ.പി ഡ്യൂട്ടിക്ക് നിശ്ചിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസ് മാള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നിലവിലെ സ്ഥിതി മനസിലാക്കി പ്രവർത്തിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
ഡോക്ടർക്കും രോഗികൾക്കും ദുരിതമേറെ
രോഗികളെ പരിശോധിച്ച് ചികിത്സ നൽകുന്നതിന് പുറമെ ഡയാലിസിസ് ചെയ്യുന്നവരെയും കിടപ്പുരോഗികളെയും പരിശോധിക്കൽ, കോടതിയിൽ പോകൽ, കുത്തിവയ്പ് കേന്ദ്രങ്ങളിലെത്തൽ, ജില്ലാതല പരിശീലനങ്ങൾ, പോസ്റ്റ് മോർട്ടം എന്നിവയ്ക്കും ഡോക്ടർ സമയം കണ്ടെത്തണം. 600ൽപരം രോഗികളെ അഞ്ച് മണിക്കൂറിനുള്ളിൽ പരിശോധിച്ച് മരുന്ന് നിശ്ചയിക്കുക എന്നത് ഡോക്ടർക്ക് ഏറെ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണ്. രോഗികൾക്ക് ചികിത്സ കിട്ടാൻ മണിക്കൂറോളം കാത്തിരിക്കുകയെന്നത് ദുഷ്‌ക്കരവുമാണ്.