വടക്കാഞ്ചേരി: കുട്ടികളുടെ സർഗാത്മക വാസന വളർത്താനും അവധിക്കാലം ആനന്ദകരമാക്കാനുമായി സംഘടിപ്പിച്ച 10 മുതൽ15 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന രണ്ടാമത് ശ്രീശുകീയം സപ്തദിന സഹവാസ ശിബിരത്തിന് പാർളിക്കാട് സഭാനികേതനിൽ തുടക്കമായി.
വെങ്ങിണിശ്ശേരി നാരായണാശ്രമ തപോവനത്തിന്റെയും പാർളിക്കാട് വ്യാസ തപോവനത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നാരായണാശ്രമ തപോവനത്തിന്റെ മാനേജിംഗ് ട്രസ്റ്റിയും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാന്റെ അദ്ധ്യക്ഷനുമായ സ്വാമി ഭൂമാനന്ദതീർത്ഥ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഈ ശിബിരത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ അദ്ദേഹം വിവരിച്ചു. സ്വാമിനി മാഗുരുപ്രിയ, സ്വാമി നിഗമാനന്ദ തീർത്ഥപാദർ, സ്വാമി പൂർണ്ണാനന്ദ തീർത്ഥപാദർ എന്നിവർ സംസാരിച്ചു. സംസ്‌കൃതം, ഭാഗവതം, ഭഗവത് ഗീത, യോഗ എന്നീ വിഷയങ്ങളിലാണ് ശിബിരം നടക്കുന്നത്. അതോടൊപ്പം ചിത്രകല, വേദഗണിതം, കളംപാട്ട്, അക്ഷരശ്ലോകം, കഥകളി, അഭിനയം എന്നീ വിഷയങ്ങളിൽ സ്‌പെഷ്യൽ ക്ലാസും ഉണ്ടാവും. ബഹിരാകാശ ഗവേഷണം, ജീവൻ രക്ഷാപ്രവർത്തനം, വ്യക്തിത്വവികസനം, നിയമപാലനം, ലഹരിക്കെതിരെ കവചം, ആരോഗ്യപരിപാലനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധരുടെ ക്ലാസും ഒരുക്കിയിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ നിന്നായി വിവിധ വിദ്യാലയങ്ങളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഏപ്രിൽ 28ന് ഉച്ചയോടെ ശിബിരം അവസാനിക്കും.