
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആബ്‌സന്റി വിഭാഗത്തിൽപെട്ട അവശ്യസർവീസ് ജീവനക്കാർക്കുള്ള (എ.വി.ഇ.എസ്) പോസ്റ്റൽ വോട്ടെടുപ്പിന് തുടക്കം. കളക്ടറേറ്റിലുള്ള ജില്ലാ പ്ലാനിംഗ് ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പോസ്റ്റൽ വോട്ടിംഗ് സെന്ററിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഏപ്രിൽ 23 വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വോട്ട് രേഖപ്പെടുത്താം. ആദ്യദിനമായ ഇന്നലെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 75 പേരാണ് വോട്ട് ചെയ്തത്.
ഫോം 12 ഡിയിൽ വരണാധികാരിക്ക് അപേക്ഷ നൽകിയ പോളിംഗ് ദിവസം ഡ്യൂട്ടിയിലുള്ള അവശ്യസർവീസ് ജീവനക്കാർക്കാണ് വോട്ട് ചെയ്യാൻ അവസരം. പോളിംഗ് സ്‌റ്റേഷന് സമാനമായ സുരക്ഷാ സംവിധാനത്തോടെയാണ് പോസ്റ്റൽ വോട്ടിംഗ് സെന്റർ പ്രവർത്തിക്കുന്നത്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ 323 അവശ്യസർവീസ് ജീവനക്കാരാണ് വോട്ടിംഗിന് അർഹരായത്. ഗുരുവായൂർ 10, മണലൂർ 29, ഒല്ലൂർ 62, തൃശൂർ 50, നാട്ടിക 41, ഇരിങ്ങാലക്കുട 42, പുതുക്കാട് 89 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക്.