thadayana

ചാലക്കുടി : തുടർമരണങ്ങൾ കൂടപ്പുഴ കടവിലെ വേനൽക്കാല വിനോദത്തിന് ഭീഷണി. കനത്തതിരക്ക് അനുഭവപ്പെടുന്ന ഞായറാഴ്ചകളെ അപേക്ഷിച്ച് ഇന്നലെ ആളുകളുടെ എണ്ണം വളരെ കുറഞ്ഞു. മണിക്കൂറുകൾക്ക് മുമ്പ് തടയണയുടെ ഷട്ടറിൽ ഒരാളുടെ മൃതദേഹം കുടുങ്ങിക്കിടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പലരും കടവിലെ ഉല്ലാസം ഒഴിവാക്കിയത്.

ഒന്നര മാസം മുമ്പും തടയണയുടെ താഴെ ഒഴുക്കിൽപെട്ട് തിരുത്തിപറമ്പ് സ്വദേശിയായ യുവാവും മരിച്ചിരുന്നു. മാർച്ച് അവസാനത്തിൽ ചാലക്കുടിപ്പുഴയിലെ ആറാട്ടുകടവിൽ തുടക്കമിടുന്ന വിനോദ ഉല്ലാസം മഴക്കാലം വരെ നീളും. മേയിൽ ആളുകളുടെ കുത്തൊഴുക്കുമുണ്ടാകും.

സ്ത്രീകളും കുട്ടികളും ധാരാളമെത്തുന്നതും കുളിക്കടവ് എന്ന നിലയിൽ കൂടപ്പുഴയുടെ പ്രത്യേകതയാണ്. കുളിക്കാനും നേരംപോക്കിനുമെല്ലാം ഇവിടെ ഒരുക്കിയ സംവിധാനം മറ്റൊരു കടവിനുമില്ല. വിശാലമായ കോൺക്രീറ്റ് പടവ് ഇതിന് അനുകൂല ഘടകമായി. എന്നാൽ പുഴയിൽ ഒളിഞ്ഞിരിക്കുന്ന അപകടം പക്ഷേ, ആരും തിരിച്ചറിയാറില്ല.
ശാന്തമായി ഒഴുകുന്ന വെള്ളത്തിന് തടണയുടെ ഷട്ടറിന് സമീപം ശക്തമായ കുത്തൊഴുക്കുണ്ട്. ഇതിനകം നിരവധി പേർക്കിത് വിനയായി. ഷട്ടറിന്റെ അടിയിൽ അകപ്പെട്ടാൽ പിന്നെ രക്ഷപ്പെടുന്നത് ഭഗീരഥ പ്രയത്‌നമാണ്. ഇങ്ങനെ അകപ്പെട്ടവരെ പത്തോളം പേർ ചേർന്ന് രക്ഷപ്പെടുത്തിയ സംഭവവുമുണ്ട്. നീന്തലിൽ എത്രകണ്ട് പ്രഗത്ഭരായാലും ഇവിടുത്തെ ബർമുഡ ട്രയാംഗിൾ തരണം ചെയ്യുക എളുപ്പമല്ല. അഗ്‌നി രക്ഷാ സേനയുടെ മുന്നറിയിപ്പ് ബോർഡ് കടവിൽ സ്ഥാപിച്ചിട്ടുണ്ടങ്കിലും ഇതാരും ഗൗനിക്കാറില്ല.

തടയണയിലെ ബർമുഡ ട്രയാംഗിൾ

പുഴയുടെ മുകൾത്തട്ട് ശാന്തമാണെങ്കിലും തടയണയുടെ ഷട്ടറുകൾക്ക് അടിയിൽ കനത്ത കുത്തൊഴുക്ക്. ഇതിന്റെ അടുത്ത് കുളിക്കുന്നവരെ വലിച്ചു കൊണ്ടുപോകാൻ അടിയൊഴുക്കിന് ശക്തിയുണ്ട്. അടിയിൽ കുടുങ്ങിയാൽ മുകളിലേക്ക് കയറലും താഴേയ്ക്ക് ഒഴുകലും എളുപ്പമല്ല. അപകടത്തിൽപെടുന്നവർ പെട്ടെന്ന് തളരും. കുത്തൊഴുക്കിൽ താഴേയ്ക്ക് പോകുന്നവർക്ക് പുഴയിലെ പാറക്കെട്ടിൽ ഇടിച്ചുള്ള മരണങ്ങൾക്കും സാദ്ധ്യത. തടയണയുടെ രണ്ടാംഘട്ട നിർമ്മാണത്തിനെത്തിയ തൊഴിലാളിയുടെ മരണമായിരുന്നു ആദ്യത്തേത്. തുടർന്ന് നിരവധി മരണങ്ങളും അപകടങ്ങളും ഉണ്ടായി.