
തൃശൂർ: പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്നും ആനയെഴുന്നള്ളത്തിനും വെടിക്കെട്ടിനും വ്യക്തമായ നിയമം കൊണ്ടുവരണമെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോനും സെക്രട്ടറി കെ. ഗിരീഷും ആവശ്യപ്പെട്ടു.
പൂരം നല്ല രീതിയിൽ നടത്താനുള്ള അനുമതി വേണം. യോഗം വിളിച്ച് ഉദ്യോഗസ്ഥർ തീരുമാനിക്കുംവിധമാണ് ഇപ്പോൾ പൂരം നടത്തുന്നത്. ചിട്ടപ്പെടുത്തിയ ക്രമം മാറ്റാനും ഇതുമൂലം നിർബന്ധിതരാകുന്നു. പൂരം വെടിക്കെട്ട് അലങ്കോലമാക്കിയ കമ്മിഷണർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. ഒരു ഹോംവർക്കും നടത്താതെ സ്വന്തം നിലയ്ക്ക് കമ്മിഷണർ കാര്യങ്ങൾ ചെയ്തു. ഗുണ്ടാ, പൊലീസ് രാജായിരുന്നു നടത്തിയതെന്നും ദേവസ്വം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
എ.സി.പി സുദർശൻ ഇരുദേവസ്വങ്ങളുമായി നല്ല ബന്ധത്തിലാണ് പോയത്. അദ്ദേഹത്തിനെതിരെ നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നടുവിലാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ചാർജുള്ള ഷാജി എന്നുപേരുള്ള ഒരു ഡിവൈ.എസ്.പി അപമര്യാദയായി പെരുമാറി. വടക്കുന്നാഥന് മുന്നിലെ ദീപസ്തംഭം കത്തിക്കുന്നത് തടഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി തോമസ് മതിയായ പാസ് നൽകിയില്ല.
പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം ഉദ്യോഗസ്ഥരുമായിട്ടാണ് ഇത്തവണ യോഗമുണ്ടായത്. രാത്രി മഠത്തിൽ വരവിന് റോഡ് അടയ്ക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. ജനങ്ങളെ അകറ്റിനിറുത്തിയ സ്ഥിതി തുടർന്നപ്പോൾ പൂരാസ്വാദനത്തിന് വഴിയൊരുക്കാൻ അഭ്യർത്ഥിച്ചു. കമ്മിഷണറുടെ നിർദ്ദേശം പാലിച്ചേ പറ്റൂവെന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം. തുടർന്നാണ് മഠത്തിലെ വരവ് നിറുത്തി പന്തലിലെ വെളിച്ചം അണച്ചത്. കുടമാറ്റസമയത്ത് സ്‌പെഷ്യൽ കുടകൾ കൊണ്ടുവരാൻ അനുവദിച്ചില്ല. ആനയ്ക്ക് പട്ട കൊണ്ടുവരുന്നതുവരെ കമ്മിഷണർ തടഞ്ഞു. കളക്ടറുടെ ഉറപ്പിലാണ് വീണ്ടും വെടിക്കെട്ട് നടത്താൻ സമ്മതിച്ചതെന്നും ദേവസ്വം ഭാരവഹികൾ പറഞ്ഞു.
തൃശൂർ പൂരത്തിൽ ദയവു ചെയ്ത് രാഷ്ട്രീയം കലർത്തരുത്. തൃശൂരിലെ ഒരു സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി നേരിട്ട് ഇടപെടുന്നതിന് ദേവസ്വം തടസം നിന്നില്ല. മന്ത്രി രാജന്റെ ഭാഗത്തുനിന്നും നല്ല ഇടപെടൽ ഉണ്ടായിരുന്നുവെന്നും ദേവസ്വം അധികൃതർ പറഞ്ഞു.
ആൻജിയോപ്ലാസ്റ്റി
മുടങ്ങിയിട്ടില്ല: മന്ത്രി
തിരുവനന്തപുരം: സ്റ്റെന്റില്ലാത്തതിനാൽ സംസ്ഥാനത്ത് ഒരാശുപത്രിയിലും ആൻജിയോപ്ലാസ്റ്റി മുടങ്ങിയിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൃദ്രോഗ ചികിത്സയ്ക്കായുള്ള സ്റ്റെന്റിന് കുറവ് വന്നാൽ പരിഹരിക്കാൻ നടപടി സ്വീകരിച്ചു. ഏതെങ്കിലും മെഡിക്കൽ കോളേജിൽ കുറവുണ്ടായാൽ സ്റ്റെന്റുകൾ നേരിട്ടെത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഓരോ ആശുപത്രിയും സ്റ്റെന്റിന്റെ സ്റ്റോക്ക് വിവരം കൃത്യമായി വിലയിരുത്താനും കുറവ് വരാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി.