വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഗ്രന്ഥശാല കൂട്ടായ്മയുടെ കഥാസമാഹാരം 'കഥകൾ പൂക്കുന്ന നാട് 'കഥാകൃത്തും കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ പ്രകാശനം ചെയ്യുന്നു.
വെള്ളാങ്ങല്ലൂർ : വീട്ടമ്മമാർ ഉൾപ്പടെയുള്ളവർ കഥയെഴുതുകയാണിവിടെ. ഒന്നല്ല 23 കഥകളാണ് എഴുതിയത്. ഒടുവിൽ ആ കഥകളെല്ലാം സമാഹാരിച്ച് പുസ്തകമായി പുറത്തിറക്കുകയും ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലാണ് അത്യപൂർവമായ ഈ സർഗാത്മകത ഇതൾ വിരിഞ്ഞത്. വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഗ്രന്ഥശാലാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് അതിർത്തിയിലെ വീട്ടമ്മമാരുൾപ്പെടെയുള്ളവർ എഴുതിയ 23 കഥകൾ സമാഹരിച്ച് 'കഥകൾ പൂക്കുന്ന നാട് 'എന്ന പേരിൽ പുസ്തകമായി പുറത്തിറക്കിയത്. കഥാകൃത്തും കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ പ്രകാശനം നിർവഹിച്ചു. വിജയലക്ഷ്മി വിനയചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. വെള്ളാങ്ങല്ലൂർ സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷനായി. ബാലകൃഷ്ണൻ അഞ്ചത്ത് പുസ്തകപരിചയം നടത്തി. ടി.കെ. ഉണ്ണിക്കൃഷ്ണൻ, എം.എസ്. ലെനിൻ, എം.കെ. മോഹനൻ എന്നിവർ സംസാരിച്ചു.
കഥകളിൽ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ
സാധാരണക്കാരായ ഗ്രാമീണർ അവരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ കണ്ണീരും സ്വപ്നങ്ങളും ചാലിച്ച് കടലാസിലേക്ക് പകർത്തിയപ്പോൾ കഥകളായിപ്പോയതാണ് രചനകളിൽ ഏറിയ പങ്കും. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വായനശാലകളെ ബന്ധിപ്പിച്ച് നടപ്പാക്കിയ 'എന്റെ പാടം, എന്റെ പുസ്തകം', 'കഥോത്സവം' എന്നീ പദ്ധതികളിൽ നിന്നും ലഭിച്ച പ്രചോദനം ഉൾക്കൊണ്ടാണ് പലരും കഥയെഴുത്തിലേക്ക് തിരിഞ്ഞത്. ഒരു ഗ്രാമത്തിലെ 23 പേർ ഒരുമിച്ച് കഥാരചനയുടെ ലോകത്തേക്ക് പ്രവേശിക്കുക എന്നത് അപൂർവമായ ഒരു സർഗാന്മക അനുഭവമാണ്.