bike-rally
എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന്റെ തീരദേശ റോഡ് ഷോയുടെ ഭാഗമായി നടന്ന ബൈക്ക് റാലി.

തൃപ്രയാർ: ഇടതുപക്ഷ ജനാധിപത്യമുന്നണി ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന്റെ റോഡ് ഷോ തീരദേശത്തെ ഇളക്കിമറിച്ചു. എടമുട്ടം പാലപ്പെട്ടി ബീച്ച് പരിസരത്ത് മുൻ ഫിഷറീസ് വകുപ്പ് മന്ത്രി എസ്. ശർമ്മ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തീരദേശത്തെ വികസനത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനും മത്സ്യത്തൊഴിൽ മേഖലയുടെ സംരക്ഷണത്തിനും എൽ.ഡി.എഫ് സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്‌തെന്നും അതെല്ലാം തീരദേശവാസികൾ തിരിച്ചറിയുമെന്നും എസ്. ശർമ്മ പറഞ്ഞു. പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സി.പി.എം നാട്ടിക ഏരിയാ സെക്രട്ടറി എം.എ. ഹാരിസ് ബാബു, സി.സി. മുകുന്ദൻ എം.എൽ.എ, മുൻ എം.എൽ.എ: ഗീതാഗോപി, ടി.ആർ. രമേഷ് കുമാർ, കെ.പി. സന്ദീപ്, യു.കെ. ഗോപാലൻ, ഷണ്മുഖൻ വടക്കുംപറമ്പിൽ, പി.എസ്.പി. നസീർ, എം. സ്വർണലത, വി.ആർ. ബാബു, തോമസ്, കിഷോർ വാഴപ്പുള്ളി, സുഭാഷ് വലപ്പാട്, മധുസൂദനൻ, വി.ആർ. ഷജിത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വലപ്പാട്, നാട്ടിക, തളിക്കുളം പഞ്ചായത്തുകളിൽ റോഡ് ഷോ പര്യടനം നടത്തി തളിക്കുളം ഇടശ്ശേരി ബീച്ചിൽ സമാപിച്ചു. പുഷ്പവൃഷ്ടിയും മുദ്രാവാക്യം വിളികളുമായി നൂറുകണക്കിനാളുകൾ തീരദേശത്തെ പ്രധാന സെന്ററുകളിൽ സ്ഥാനാർത്ഥിയെ വരവേറ്റു.