കൊടുങ്ങല്ലൂർ : വഴിയരികിൽ കാത്തുനിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാരെ ആവേശത്തിലാഴ്ത്തി ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്‌നാന്റെ മണ്ഡല പര്യടനം. രാവിലെ അഴീക്കോട് കൊട്ടിക്കൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച യാത്രയെ വരവേൽക്കാൻ വഴിയോരങ്ങളിൽ പ്രായഭേദമന്യേ വോട്ടർമാർ കാത്തുനിന്നു. എറിയാട് ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള അഴീക്കോട്, എറിയാട്, എടവിലങ്ങ്, എസ്.എൻ പുരം മണ്ഡലങ്ങളിലാണ് ബെന്നി ബെഹ്‌നാൻ ഇന്നലെ പര്യടനം നടത്തിയത്. നാലു മണ്ഡലങ്ങളിലായി 25 കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥിക്ക് സ്വീകരണങ്ങൾ ഒരുക്കിയിരുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ പര്യടനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കയ്പമംഗലം നിയോജക മണ്ഡലം കൺവീനർ പി.എസ്. മുജീബ് റഹ്മാൻ അദ്ധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ അഡ്വ. പി.എച്ച്. മഹേഷ്, പി.ബി. മൊയ്തു, സുനിൽ പി. മേനോൻ, സലിം കയ്പമംഗലം, കെ.എ. അഫ്‌സൽ, ഇസ്ഹാഖ് ഹുസൈൻ, പി.പി. ജോൺ, പി.കെ. മുഹമ്മദ്, ടി.എം. കുഞ്ഞുമൊയ്തീൻ, കെ.എം. സാദത്ത്, പി.എ. മുഹമ്മദ് സഗീർ എന്നിവർ സംസാരിച്ചു.