
കുന്നംകുളം: നിയമത്തിന് മുൻപിൽ എല്ലാവരും സമന്മാരാകണം എന്ന അടിസ്ഥാന ഭരണഘടനാ തത്വം മോഡി സർക്കാർ ലംഘിച്ചതിന്റെ ഫലമാണ് പൗരത്വ നിയമമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. എൽ.ഡി.എഫ് ആലത്തൂർ പാർലമെന്റ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് കുന്നംകുളം ഈസ്റ്റ് വെസ്റ്റ് മേഖലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വത്തിന് മതം മാനദണ്ഡമാകരുത്. എന്നാൽ ഇതിന് വിരുദ്ധമായ ഭരണഘടനാ സമീപനമാണ് മോഡി സർക്കാർ കൈക്കൊള്ളുന്നത്. മോഡിയുടെ ഏറ്റവും കൊള്ളരുതാത്ത നിയമമാണ് പൗരത്വ ഭേദഗതി നിയമം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ബലഹീനതയാണ്, ഇലക്ട്രൽ ബോണ്ടിന് ശേഷവും മോദി അധികാരത്തിൽ തുടരാൻ ഇടയാക്കുന്നത്. പട്ടാപ്പകൽ തീവെട്ടി കൊള്ളക്കാരനായി മോഡി മാറി. മനുസ്മൃതി മുന്നോട്ട് വയ്ക്കുന്ന ബ്രാഹ്മണാധിപത്യത്തിൽ തളച്ചിടാൻ ആർ.എസ്.എസ് ശ്രമം നടത്തുന്നു. തീവ്രവർഗീയതയാണ് ബി.ജെ.പി ആശയമെങ്കിൽ വർഗീതയെ ആശ്രയിക്കുന്ന വലതുപക്ഷമായി യു.ഡി.എഫ് മാറിയെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.ടി.ഷാജൻ അദ്ധ്യക്ഷനായി. നേതാക്കളായ എ.സി.മൊയ്തീൻ എം.എൽ.എ, സീത രവീന്ദ്രൻ, എം.എൻ.സത്യൻ, കെ.ഡി.ബാഹുലേയൻ, എം.ബാലാജി, എം.എം.ജലീൽ എന്നിവർ സംസാരിച്ചു.