
കുന്നംകുളം : സി.പി.എം പഴഞ്ഞി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കെ അന്തരിച്ച ബാബു പുലിക്കോട്ടിലിന് അന്ത്യാഞ്ജലി. തിങ്കൾ രാവിലെ 8 മുതൽ പഴഞ്ഞി കാട്ടകാമ്പാൽ ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ബാബുവിന്റെ ഭൗതിക ശരീരത്തിൽ നാടിന്റെ നാനാ തുറകളിൽ നിന്നുള്ളവരെത്തി ആദരാഞ്ജലി അർപ്പിച്ചു. എ.സി.മൊയ്തീൻ എം.എൽ.എ ഭൗതിക ശരീരത്തിൽ രക്തപതാക പുതപ്പിച്ചു.
പത്തോടെ ബാബുവിന്റെ ആഗ്രഹം പോലെ മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി തൃശൂർ മെഡിക്കൽ കോളേജിന് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.വാസുവിന്റെ നേതൃത്വത്തിൽ വിട്ടു നൽകി. ബാബു പുലിക്കോട്ടിലിനെ അനുസ്മരിച്ച് സർവകക്ഷി അനുസ്മരണ യോഗം നടന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.സി.മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. പി.കെ.ബിജു, ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, എം.കെ.കണ്ണൻ, എ.വി.വല്ലഭൻ, കെ.ടി.ഷാജൻ, എം.എസ്.മണികണ്ഠൻ, എം.ബാലാജി, ഇ.എ.ദിനമണി, എം.എൻ.സത്യൻ, കെ.ഡി.ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.