തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ. റോഡ് ഷോകളും റാലികളുമായി ജനങ്ങളെ കൂടുതൽ അണിനിരത്തിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ തന്നെ മറ്റൊരു ഭാഗത്ത് വോട്ടർമാർക്ക് വീടുകൾ കയറി സ്ലിപ്പ് നൽകുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്. ഇതിനിടയിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോ പതിച്ചുള്ള വോട്ട് അഭ്യർത്ഥനകളും വീടുകളിലെത്തിക്കുന്നുണ്ട്. ദേശീയ, സംസ്ഥാന നേതാക്കളെത്തിയുള്ള പ്രചാരണവും ശക്തമായി. തൃശൂർ പൂരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോൾ എൻ.ഡി.എയും യു.ഡി.എഫും ചൂടേറിയ പ്രചാരണ വിഷയമാക്കുന്നത്. അതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷവും ശക്തമായ പ്രചാരണങ്ങളുമായി സജീവമാണ്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ അണികളിലും ആവേശം ഏറിവരികയാണ്.