meeting

ചാലക്കുടി: ഭരണഘടന സംരക്ഷിക്കേണ്ട ചുമതലയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് മുന്നിൽ വയ്ക്കുന്നതെന്ന് ഡോ.സെബാസ്റ്റ്യൻ പോൾ. ഇടതുപക്ഷ സ്ഥാനാർത്ഥി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ വിജയത്തിനായി സംഘടിപ്പിച്ച സായാഹ്ന സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1977ലേത് പോലെ നിർണായകമാണ് 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ്. ചിലർ എല്ലാ തിരഞ്ഞെടുപ്പും നിർണായകമായി വിശേഷിപ്പിക്കുന്നത് പോലെയല്ല ഇത്.

1977ലെ തിരഞ്ഞെടുപ്പ് ഏകാധിപത്യം അവസാനിപ്പിക്കുകയും ജനാധിപത്യം സംരക്ഷിക്കപ്പെടുകയും ചെയ്തു. അതിന് സമാനമായ തിരഞ്ഞെടുപ്പാണ് ഇപ്പോൾ 2024 ലും. ഇപ്പോൾ കിട്ടുന്ന അവസരം ഒരു പക്ഷേ ഇനി ലഭിച്ചെന്ന് വരില്ലെന്നും സെബാസ്റ്റ്യൻ പോൾ മുന്നറിയിപ്പ് നൽകി. സംഘാടക സമിതി ചെയർമാൻ സുരേഷ് മുട്ടത്തി അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ബി.ഡി.ദേവസി ആമുഖപ്രഭാഷണം നടത്തി. ഡോ.വത്സലൻ വാതുശേരി, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സി.രാവുണ്ണി, ശീതൾ ശ്യാം, വി.ജി.ഗോപിനാഥ്, എം.ജി.ബാബു, ആന്റോ പി.ചാക്കോ, പി.ഐ.മാത്യു, ഡോ.സി.സി.ബാബു, യു.എസ്.അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അലോഷിയുടെ സംഗീത സായാഹ്നവും നടന്നു.