തൃശൂർ: നിറപ്പകിട്ടും താളമേളവും ഒരുക്കി, റോഡ് ഷോയിൽ ആളെക്കൂട്ടിയും വോട്ടർമാരിൽ വലിയ ഓളമുണ്ടാക്കി കലാശക്കൊട്ട് കൊഴുപ്പിക്കാൻ മുന്നണികൾ. ഇന്ന് വൈകിട്ട് ആറിനാണ് കൊട്ടിക്കലാശം. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിൽ എത്തിയതോടെ വോട്ടുകൾ പെട്ടിയിലാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് മുന്നണികൾ.
വോട്ട് ഉറപ്പാക്കാനുള്ള അവസാനവട്ട പ്രയത്‌നത്തിൽ സ്ഥാനാർത്ഥികളും നേതൃത്വവും അണികളും ഒന്നിച്ചാണ് അണിനിരക്കുന്നത്. മറുനാടുകളിലുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സ്ഥലത്തില്ലാത്ത വോട്ടർമാരെ ഫോണിൽ ബന്ധപ്പെടാനും തുടങ്ങി. രാഷ്ട്രീയ വിവാദങ്ങളും ദേശീയപ്രാദേശിക രാഷ്ട്രീയവും വികസനപ്രശ്‌നങ്ങളും ചർച്ചയായ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ മുൻകാല തിരഞ്ഞെടുപ്പ് കാലത്തേക്കാൾ ദേശീയ - സംസ്ഥാന നേതാക്കൾ പങ്കെടുത്തു. ബൂത്ത് പ്രവർത്തകർ വരെ വോട്ടർമാർക്കിടയിലേക്ക് എത്തിയുള്ള പ്രചാരണ സമ്മേളനവും പൂർത്തിയായി. ഇന്ന് പരസ്യപ്രചാരണം സമാപിക്കും. 25ന് നിശബ്ദമായി പ്രചാരണം തുടരും. 26നാണ് വോട്ടെടുപ്പ്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്രർ അടക്കം ആകെ ഒമ്പത് സ്ഥാനാർത്ഥികളുണ്ട്.
റോഡ് ഷോയുമായി എൽ.ഡി.എഫ്
കഴിഞ്ഞദിവസങ്ങളിൽ മണ്ഡലങ്ങളിലൂടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ റോഡ് ഷോ നടത്തിയിരുന്നു. ഇന്ന് രാവിലെ എട്ട് മുതൽ 10.30 വരെ ഗുരുവായൂരിലും 10.30 മുതൽ ഒന്ന് വരെ മണലൂരിലും ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ തൃശൂരിലുമാണ് റോഡ് ഷോ. അതിനുശേഷം വൈകിട്ട് ആറ് വരെ തൃശൂർ റൗണ്ടിലും സ്ഥാനാർത്ഥി തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തും. ആറിനാണ് കൊട്ടിക്കലാശം. ഇന്നലെയും വിവിധ മണ്ഡലങ്ങളിൽ റോഡ് ഷോ അരങ്ങേറി.
പ്രചാരണജാഥയുമായി യു.ഡി.എഫ്
യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണ ജാഥയുടെ സമാപനം ഇന്ന് വൈകിട്ട് ആറിന് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടക്കും. തൃശൂർ പടിഞ്ഞാറെകോട്ടയിലെ ലീഡർ സ്‌ക്വയറിൽ നിന്നും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പ്രചാരണ ജാഥ എം.ജി റോഡ് വഴി നടുവിലാൽ ജംഗ്ഷനിൽ എത്തിച്ചേരും. തുടർന്ന് റൗണ്ടിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മണികണ്ഠനാൽ ജംഗ്ഷൻ വഴി രാഗം തീയേറ്ററിന്റെ മുൻപിലൂടെ എം.ഒ.റോഡിൽ പ്രവേശിക്കും. തുടർന്നാണ് സമാപനം. സ്ഥാനാർത്ഥിക്ക് പുറമേ ദേശീയ സംസ്ഥാന നേതാക്കളും പങ്കെടുക്കും.
മാസാക്കാൻ എൻ.ഡി.എ
എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ കൊട്ടിക്കലാശം ഇന്ന് വൈകിട്ട് 4.30 ന് നടക്കും. സുരേഷ്‌ഗോപിയുമായി ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്നുമാരംഭിക്കുന്ന കൊട്ടിക്കലാശ പ്രകടനം രാഗം തിയേറ്ററിന് സമീപം സമാപിക്കും. തൃശൂർ, ഒല്ലൂർ, പുതുക്കാട്, ചേർപ്പ് മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. കലാരൂപങ്ങളും ആഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും ബൈക്ക് റാലിയുമുണ്ടാകും. വൈകിട്ട് നാലരയ്ക്ക് ആരംഭിക്കുന്ന പ്രകടനം ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്നും ആരംഭിച്ച് നായ്ക്കനാൽ നടുവിലാൽ വഴി രാഗം തിയേറ്ററിനും തെക്കേഗോപുര നടയിലുമായി സമാപിക്കും.