
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി പരാതി നൽകി. നരേന്ദ്രമോദി നടത്തിയ പ്രസംഗം നഗ്‌നമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തരനടപടി ആവശ്യപ്പെട്ട് കമ്മിഷനെ സമീപിച്ചിരിക്കുന്നത്.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്‌ലിങ്ങൾക്കിടയിൽ വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം ജനപ്രാതിനിധ്യ നിയമത്തിനും ഭരണഘടനയ്ക്കും എതിരായ അതിക്രമം കൂടിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ചതിനെതിരെ കേസെടുക്കണമെന്നും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.