ചാഴൂർ : പുള്ള് ടൂറിസം പദ്ധതിയുടെ ഭാഗമായി പുള്ളിലെ നടപ്പാതയുടെയും ഇരിപ്പിടങ്ങളുടെയും നിർമ്മാണവും ലൈറ്റുകൾ സ്ഥാപിക്കലും തുടങ്ങി പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പുള്ള് പാലത്തോട് ചേർന്ന് ചാഴൂർ പഞ്ചായത്ത് പരിധിയിൽ നടപ്പാത, ഇരിപ്പിടങ്ങൾ, എൽ.ഇ.ഡി ലൈറ്റുകൾ, ടോയ്‌ലറ്റ് തുടങ്ങിയവ നിർമ്മിച്ച് വിനോദ സഞ്ചാരികൾക്ക് ഗുണപ്രദമായ രീതിയിൽ സൗകര്യങ്ങൾ ഒരുക്കലാണ് ലക്ഷ്യം. പദ്ധതിക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പല ഘട്ടങ്ങളിലായി പുള്ള് പ്രദേശത്തെ ടൂറിസ്റ്റ് വികസനം നടപ്പാക്കുമെന്ന് സി.സി. മുകുന്ദൻ എം.എൽ.എ പറഞ്ഞു. എം.എൽ.എയോടൊപ്പം ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ്, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ എ.ആർ. പ്രിയ, പഞ്ചായത്ത് അംഗം ഷില്ലി ജിജുമോൻ, ആലപ്പാട് പുള്ള് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. ഹരിലാൽ എന്നിവരുമുണ്ടായിരുന്നു.