ch
ചങ്ങാത്തക്കളരി അവധിക്കാല ക്യാമ്പിൽ നിന്ന്.

വെങ്ങിണിശ്ശേരി : വെങ്ങിണിശ്ശേരി അഡാപ്റ്റ് സൊസെറ്റിയിൽ ഭിന്നശേഷി കുട്ടികൾക്കായി ചങ്ങാത്തക്കളരി അവധിക്കാല ക്യാമ്പിന് തുടക്കമായി. എഴുത്തുകാരൻ കെ. അരവിന്ദാക്ഷൻ, ചലച്ചിത്ര, നാടക നടൻ സുനിൽ സുഖദ എന്നിവർ ആദ്യ ദിവസത്തെ ക്യാമ്പിന് നേതൃത്വം നൽകി. നാടക നടൻ സുഖ്‌ദേവ്, ബാല സാഹിത്യകാരൻ സി.ആർ. ദാസ്, തിരകഥാകൃത്ത് ഹരി പി. നായർ, നാടൻപാട്ട് കലാകാരൻ രഞ്ജിത്ത് കുറുമ്പിലാവ്, ചിത്രരചനാ കലാകാരൻ ഗോവിന്ദൻകുട്ടി തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ക്യാമ്പ് 30ന് സമാപിക്കും.

സർഗാത്മകത വളർത്തുക ലക്ഷ്യം
ഭിന്നശേഷി കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുകയും ആശയ വിനിമയത്തിലൂടെ ആ ക്രിയാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. 60 ൽപരം കളികളിലൂടെ കുട്ടികളുടെ ശ്രദ്ധ, താത്പര്യം, മികവ് എന്നിവ വർദ്ധിപ്പിക്കുകയാണ് മുഖ്യലക്ഷ്യം. രക്ഷിതാക്കളിൽ ആത്മവിശ്വാസം വളർത്തി 'എന്റെ കുട്ടിക്കും ചില കഴിവുകളുണ്ട് 'എന്ന് ബോദ്ധ്യപെടുത്തുകയാണ് ക്യാമ്പിന്റ ലക്ഷ്യമെന്ന് ഡയറക്ടർ പന്തളം സജിത്കുമാർ പറഞ്ഞു. 10 ദിവസത്തെ സൗജന്യ ക്യാമ്പാണ് ആരംഭിച്ചിട്ടുള്ളത്. ഭക്ഷണം, പഴങ്ങൾ, പാനീയങ്ങൾ എന്നിവയെല്ലാം സൗജന്യമായി നൽകുന്ന ക്യാമ്പിന് നാല് ലക്ഷത്തിലധികം ചെലവ് വരുന്നുണ്ട്.