എൽ.ഡി.എഫ് പാറളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സി.പി.എം പി.ബി അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു.
ചേർപ്പ് : ബൊഫോഴ്‌സ് അഴിമതിയേക്കാൾ അഞ്ഞൂറ് ഇരട്ടി വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട് അഴിമതിയെന്ന് സി.പി.എം പി.ബി. അംഗം എം.എ. ബേബി പറഞ്ഞു. 8900 കോടി രൂപ ബി.ജെ.പി തട്ടിയെടുത്തപ്പോൾ 1900 കോടി കോൺഗ്രസും തട്ടിയെടുത്തു. ഇലക്ടൽ ബോണ്ട് തീവെട്ടിക്കൊള്ളയിൽ ഇടതുപക്ഷം മാത്രമാണ് പങ്കാളിയാവാതിരുന്നത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയിൽ ഈ അഴിമതിയെ ചോദ്യം ചെയ്ത് കേസും നടത്തി. വയനാട്ടിൽ കൊടിയും വടിയും ഉപേക്ഷിച്ച് കോൺഗ്രസും ലീഗും ബി.ജെ.പിക്കുമുന്നിൽ മുട്ടുമടക്കുകയാണെന്നും ബേബി പറഞ്ഞു. കോടന്നൂരിൽ പാറളം പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണി തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെബി ജോസഫ് പെല്ലിശ്ശേരി അദ്ധ്യക്ഷനായിരുന്നു. പി.ആർ. വർഗീസ്, അഡ്വ. ടി.ആർ. രമേശ് കുമാർ, എ.എസ്. ദിനകരൻ, ഷീല വിജയകുമാർ, ജോർജ് മാത്യു, എ.കെ. രാധാകൃഷ്ണൻ, സുബിത സുഭാഷ്, സി.വി. സുധീർ, ഷൺമുഖൻ വടക്കുംപറമ്പിൽ, പി.ബി. ഷാജൻ എന്നിവർ സംസാരിച്ചു.