തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മാതൃകാ പോളിംഗ് ബൂത്തുകൾക്ക് പുറമേ പ്രത്യേക ബൂത്തും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ രണ്ട് ലെപ്രസി ബൂത്തുകൾ, മൂന്ന് ട്രൈബൽ ബൂത്തുകൾ, ഒന്നു വീതം ഫോറസ്റ്റ്, കോസ്റ്റൽ ബൂത്തുകളാണ് സജ്ജീകരിക്കുക.തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഒല്ലൂർ നിയോജക മണ്ഡലത്തിൽ മുളയം ദാമിയൻ ഇൻസ്റ്റിറ്റ്യൂട്ടും ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ ചാലക്കുടി നിയോജക മണ്ഡലത്തിൽ കൊരട്ടി ലെപ്രസി ആശുപത്രിയിലെ കുമ്പീസ് മെമ്മോറിയൽ ഹാളിലുമാണ് ലെപ്രസി രോഗികളായ വോട്ടർമാർക്കായി പോളിംഗ് ബൂത്ത് ഒരുക്കുക. ഇവിടങ്ങളിൽ യഥാക്രമം 70, 310 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരെയാണ് ഡ്യൂട്ടിക്കായി നിയോഗിക്കുക.
ആലത്തൂരിലെ വടക്കാഞ്ചേരി മണ്ഡലത്തിൽ വാഴാനി ഇറിഗേഷൻ ഓഫീസ്, തൃശൂരിലെ പുതുക്കാട് മണ്ഡലത്തിൽ ചൊക്കന ഫാക്ടറീസ് റിക്രീയേഷൻ ക്ലബ്, ചാലക്കുടി മണ്ഡലത്തിൽ വാച്ചുമരം ഫോറസ്റ്റ് സ്‌റ്റേഷൻ എന്നിവിടങ്ങളാണ് ട്രൈബൽ ബൂത്തുകൾ. യഥാക്രമം 1041, 710, 308 വോട്ടർമാരാണ് ഇവിടെയുള്ളത്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ കയ്പമംഗലത്താണ് 839 വോട്ടർമാർക്കായി അഴീക്കോട് മുനയ്ക്കൽ സുനാമി ഷെൽറ്ററിൽ കോസ്റ്റൽ ബൂത്ത് പ്രവർത്തിക്കുക. എല്ലാ വിഭാഗം ആളുകളുടെയും വോട്ടവകാശം സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് പ്രത്യേക ബൂത്ത് ഒരുക്കുന്നത്.

15 ബൂത്ത് നിയന്ത്രിക്കാൻ സ്ത്രീകൾ

15 ബൂത്തുകൾ സ്ത്രീകൾ മാത്രം നിയന്ത്രിക്കും. സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും വനിതകളാകും. ആലത്തൂർ മൂന്ന്, തൃശൂർ ഏഴ്, ചാലക്കുടി അഞ്ച് എന്നിങ്ങനെ 15 ബൂത്തുകളാണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക.

ഒരു ബൂത്ത് വീതം യുവാക്കളും ഭിന്നശേഷിക്കാരും

ഒരു ബൂത്ത് യുവാക്കളായ പോളിംഗ് ഓഫീസർമാർ നിയന്ത്രിക്കും. ഒല്ലൂർ നിയോജക മണ്ഡലത്തിലെ മുല്ലക്കര എ ബ്ലോക്ക് ഡോൺ ബോസ്‌കോ ഹൈസ്‌കൂളിലാണ് 30 വയസിന് താഴെയുള്ള ഉദ്യോഗസ്ഥർ പോളിംഗ് ജോലികൾ നിർവഹിക്കുക. ഒരു ബൂത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ ഡ്യൂട്ടി നിർവഹിക്കും. തൃശൂർ മണ്ഡലത്തിലെ വിയ്യൂർ ഐ.എസ്.ടി.ഇയിലാണിത്.

495 മാതൃക ബൂത്ത്

സ്ത്രീ, യുവ, ഭിന്നശേഷി വിഭാഗക്കാർ നിയന്ത്രിക്കുന്ന ബൂത്ത് ഉൾപ്പെടെ 495 മാതൃക ബൂത്ത് ഒരുക്കും. വോട്ടർമാർക്ക് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യം, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച് മാർഗനിർദ്ദേശം നൽകുന്നതിന് ശരിയായ അടയാളം സ്ഥാപിക്കും. പൂർണമായും ഹരിതച്ചട്ടം പാലിക്കും. പ്രത്യേകം ശൗചാലയങ്ങളും ഒരുക്കും. ആവശ്യത്തിന് കുടിവെള്ളം സജ്ജമാക്കും. വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും റാമ്പ് സൗകര്യം ഉറപ്പാക്കും.