bjp-

തൃശൂർ: സമയം ഉച്ചയ്ക്ക് ഒരു മണി. ആലത്തൂർ മണ്ഡലത്തിലെ വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ കരുമത്ര പാറപ്പുറം സെന്റർ. മേടസൂര്യൻ കത്തിജ്വലിച്ചു നിൽക്കുമ്പോഴും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസുവിനെ സ്വീകരിക്കാനുള്ള കാത്തുനിൽപ്പിലാണ്.

നിശ്ചയിച്ച സമയത്തേക്കാൾ ഏറെ വൈകിയാണ് സ്ഥാനാർത്ഥി എത്തിയതെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് നിൽപ്പ്. പൈലറ്റ് വാഹനത്തിലെ പ്രാസംഗികൻ ഇരുമുന്നണികളെയും നിശിതമായി വിമർശിച്ച് സംസാരിക്കുന്നതിനിടെ സ്ഥാനാർത്ഥിയെത്തി. കാറിൽ നിന്നിറങ്ങി കൈകൾ കൂപ്പി സ്ത്രീകളുടെയും കുട്ടികളുടെയും അടുത്തേക്ക്.

'വളരെ വൈകി, ക്ഷമിക്കണം...' പ്രായമായവർക്ക് മുന്നിൽ വണങ്ങിയെത്തിയ സ്ഥാനാ‌ർത്ഥി സരസു പ്രവർത്തകരുടെ തോളിൽ തട്ടി സ്വീകരണവേദിയിലേക്ക്. മച്ചാടിന്റെ പ്രതീകമായ കുതിരവേലയുടെ ചിത്രം ബി.ജെ.പിയുടെ പഞ്ചായത്ത് അംഗം ഐശ്വര്യ ഉണ്ണിയും സ്ത്രീകളും കുട്ടികളും സ്ഥാനാർത്ഥിക്ക് സമ്മാനിച്ചു.

സ്വീകരണച്ചടങ്ങിന് നന്ദി ചുരുങ്ങിയ വാക്കുകളിലൂടെ... ' സിറ്റിംഗ് എം.പി എന്തു ചെയ്തു? മോദി സർക്കാർ നൽകിയ തുക പോലും ശരിയായി വിനിയോഗിക്കാതെ നഷ്ടപ്പെടുത്തി. എന്നിട്ടും വീണ്ടും ജനങ്ങളെ സമീപിക്കുന്നു. ദേവസ്വം മന്ത്രിയാണ് ഇടത് സ്ഥാനാർത്ഥി. അദ്ദേഹത്തിൽ നിന്ന് എന്താണ് നാടിന് ലഭിച്ചത്.' വിമർശനങ്ങൾക്കിടെ മോദി സർക്കാരിന്റെ നേട്ടങ്ങളുടെ ലഘു വിവരണവും കൂടി, പിന്നീട് പ്രസംഗം അവസാനിപ്പിച്ചു.

ഇനി അടുത്ത സ്വീകരണ സ്ഥലത്തേക്ക്. പ്രദീപ് മലാക്ക, പി.എസ്. ശരത്, ജീവൻ തടത്തിൽ, രാജൻ മങ്കര, കെ. ശ്രീദാസ്, ഭരതൻ മങ്കര, മുരുകേശൻ, സുകുമാരൻ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.

ഇന്നലെ രാവിലെ കൊഞ്ചിറ സെന്ററിൽ നിന്നാണ് സ്വീകരണ പര്യടനം ആരംഭിച്ചത്. അവണൂർ, മെഡിക്കൽ കോളേജ്, മുണ്ടത്തിക്കോട്, മിണാലൂർ, മംഗലം പനങ്ങാട്ടുകര തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ സ്വീകരണത്തിന് ശേഷം കരുവാൻ പടിയിൽ സമാപിച്ചു. നേതാക്കളായ ധന്യ രാമചന്ദ്രൻ, എസ്. രാജു, നിത്യ സാഗർ, പി.കെ. മണികണ്ഠൻ, വി.സി. ഷാജി, ഇ. ചന്ദ്രൻ എന്നിവരും സ്ഥാനാർത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.

ആലത്തൂരിന്റെ വികസനമാണ് മോദിയുടെ ഗ്യാരന്റി. അതുകൊണ്ട് ജനങ്ങൾ പിന്തുണയ്ക്കുമെന്ന് ആത്മവിശ്വാസമുണ്ട്.

- ഡോ. ടി.എൻ. സരസു, എൻ.ഡി.എ സ്ഥാനാർത്ഥി.