ldf
ചാലക്കുടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനത്തിന് എത്തിയപ്പോൾ.

കൊടുങ്ങല്ലൂർ : മതേതരത്വം നിലനിറുത്തേണ്ടതിന്റെ ആവശ്യകത ഓരോ ദിവസവും ജനങ്ങൾക്ക് കൂടുതൽ ബോദ്ധ്യമായി കൊണ്ടിരിക്കുകയാണെന്ന് ചാലക്കുടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുംതോറും എൽ.ഡി.എഫ് രാഷ്ട്രീയമായി മേൽക്കൈ നേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂർ ശ്രീകുരുബ ഭഗവതി ക്ഷേത്രത്തിൽ പ്രവർത്തകരോടൊപ്പം ഇന്നലെ രാവിലെ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 150 ദിവസത്തിലേറെയായി കൊടുങ്ങല്ലൂർ ബൈപാസിലെ സി.ഐ ഓഫീസ് സിഗ്‌നൽ ഭാഗത്ത് ക്രോസിംഗ് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർമ്മസമിതി ഭാരവാഹികൾ സ്ഥാനാർത്ഥിയുമായി മേൽപ്പാലത്തിന്റെ വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്നതിന് പുതിയ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. വി.ആർ. സുനിൽകുമാർ എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ. വിജയൻ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. എൽ.ഡി.എഫ് നേതാക്കളായ സി.സി. വിപിൻ ചന്ദ്രൻ, കെ.എസ്. കൈസാബ്, വേണു വെണ്ണറ, ടി.പി. പ്രബേഷ്, സി.വി. ഉണ്ണിക്കൃഷ്ണൻ, കെ. രാജേന്ദ്രൻ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.