പുതുക്കാട്: വർഷങ്ങൾക്ക് മുമ്പ് പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിൽ ദേശീയപാത അതോറിറ്റി അടിപ്പാത നിർമ്മിക്കാമെന്ന് ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് പാഴ് വാക്കായി തുടരുന്നു. മാത്രമല്ല അടിപ്പാത നിർമ്മിക്കാൻ അധികം ആവശ്യമായ ഭൂമി പൊന്നും വില നൽകി ഏറ്റെടുക്കുകയും ചെയ്തിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ അടിപ്പാത മുഴുവനായി അട്ടിമറിച്ചു. അടിപ്പാതക്കു പകരമായി ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി പ്രഖ്യാപിച്ചിരുന്നു. അടിപ്പാത നിർമ്മാണം ആവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രൻ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചപ്പോൾ ദേശീയപാത ആറുവരി ആക്കുന്നതോടെ മാത്രമാണ് അടിപ്പാത നിർമ്മിക്കാനാകു എന്ന മറുപടിയാണ് മന്ത്രി മുഹമദ് റിയാസ് നൽകിയത്.
ദേശീയപാത നാലുവരിയായി വികസിപ്പിച്ച ശേഷം 40 ഓളം പേർ മരിക്കുകയും നൂറോളം പേർക്ക് പരുക്കേറ്റിരുന്നു.
ദേശീയ പാതയിൽ ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷൻ ഉൾപ്പെടെ എഴിടത്ത് അടിപ്പാത നിർമ്മിക്കാൻ കരാർ ഉറപ്പിച്ച ദേശിയ പാത അതോറിറ്റി പുതുക്കാട് മാത്രം ആറുവരി പാതയുടെ നിർമ്മാണം എന്ന സാങ്കേതിക പ്രശ്‌നം ഉന്നയിച്ചതു തന്നെ അടിപ്പാത അട്ടിമറിച്ചതാന്നെന്ന് നാട്ടുകാർ ആരോപിച്ചു. പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിൽ ദിവസവും ശരാശരി രണ്ട് അപകടങ്ങളും ആഴ്ചയിൽ വാഹനങ്ങളുടെ രണ്ട് കൂട്ടിയിടിയും നടക്കുന്നുണ്ട്. അഞ്ച് റോഡുകൾ സംഗമിക്കുന്ന പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിൽ അടിപ്പാത അട്ടിമറിച്ചതിൽ എം.പിക്കും പങ്കുണ്ടെന്നും ഈ വിഷയത്തിൽ പ്രധാന രാഷ്ട്രിയ പാർട്ടികൾ മൗനം പാലിക്കുകയാണെന്നും ആരോപണമുണ്ട്. സിഗ്‌നൽ ജംഗ്ഷനിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി സായാഹ്ന ധർണ നടത്തി.