കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പ്രദേശത്തെ കൈയടക്കി തെരുവ് നായകൾ. തെരുവ് നായകളുടെ ശല്യം മൂലം പൊറുതിമുട്ടിയിരിക്കയാണ് പുല്ലൂറ്റ് പ്രദേശവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്കാണ് തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാപ്പകൽ ഭേദമന്യേ തെരുവ് നായ ശല്യം രൂക്ഷമാണ്. പ്രഭാത സവാരിക്കിറങ്ങുന്നവർക്കും രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നവർക്കും നേരെ തെരുവ് നായകൾ ചാടി അടുക്കുകയാണ്.
പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്കിലെ കളക്്ഷൻ ഏജന്റ് സംഗീതയ്ക്ക് പെൻഷൻ കൊടുക്കാൻ പോയ ചാപ്പാറ മുത്തിക്കടവിൽ വച്ചാണ് തെരുവ് നായയുടെ കടിയേറ്റത്. പൊതുപ്രവർത്തകനായ ചാപ്പാറ പന്തീരാംപാല സ്വദേശി ആലിങ്ങപ്പറമ്പിൽ ഗോപാലന് നാരായണമംഗലം കിഴക്ക് വശത്ത് വച്ചും കോഴിക്കട കിഴക്കുവശം പനവളപ്പ് റോഡിൽ വച്ച് പുല്ലംകാട്ടിൽ അരുണിനും കടിയേറ്റിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം രാവിലെ പത്രവിതരണത്തിന് പോയ വിവിധ പത്രങ്ങളുടെ ഏജന്റ് കൂടിയായ പൊതുപ്രവർത്തകൻ കോയംപറമ്പത്ത് കെ.പി. സുനിൽകുമാറിന് പത്രവിതരണത്തിനിടെ നായ്ക്കൾ കുറുകെ ചാടി വീണ് പരിക്കേറ്റു. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രണ്ട് പേർ മെഡിക്കൽ കോളേജിലാണ് ചികിത്സ തേടിയത്.
ഈ അടുത്ത ദിവസങ്ങളിൽ തെരുവ് നായക്കളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാരെ പിന്തുടർന്ന് നായ്ക്കൾ പലപ്പോഴും ആക്രമിക്കാറുണ്ട്. നിരവധി സന്ദർഭങ്ങളിൽ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പുല്ലൂറ്റ് കോൺഗ്രസ് കൂട്ടായ്മ യോഗം ആരോപിച്ചു. യോഗത്തിൽ കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ അദ്ധ്യക്ഷനായി. സി.എസ്. തിലകൻ, ടി.കെ. ലാലു, സുജ ജോയ്, കെ.കെ. ചിത്രഭാനു, കെ. രതീഷ്, കവിത മധു, ഇ.വി. സന്തോഷ്, പി.എൻ. മോഹനൻ, സുനില മോഹനൻ, നിഷാഫ് കുര്യാപ്പിള്ളി, ജസീൽ അലങ്കാരത്ത് എന്നിവർ പ്രസംഗിച്ചു.