1

തൃശൂർ: നഗരത്തിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ചിലർ വോട്ടർപട്ടികയിൽ കള്ളവോട്ടുകൾ ചേർത്തതായി പരാതി. പൂങ്കുന്നത്ത് ആൾ താമസമില്ലാത്ത ഫ്‌ളാറ്റിന്റെ വിലാസത്തിൽ 73 പേരെ വോട്ടർ പട്ടികയിൽ ചേർത്തതായാണ് ആക്ഷേപം. തുടർ പരിശോധനയിൽ 73 പേരിൽ ആരും തന്നെ ഫ്‌ളാറ്റിൽ താമസിക്കുന്നില്ലെന്ന് ബോദ്ധ്യമായി.
കള്ളവോട്ട് ശ്രദ്ധയിൽപ്പെട്ടയുടൻ എൽ.ഡി.എഫ് നേതാക്കൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ വി.ആർ. കൃഷ്ണതേജയെ പരാതി അറിയിച്ചു. തഹസിൽദാരുടെ നിർദേശപ്രകാരം ബി.എൽ.ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഫ്‌ളാറ്റിലെത്തി നടത്തിയ പരിശോധനയിൽ വോട്ടർപട്ടികയിൽ ഇടംപിടിച്ചവർ ആരും തന്നെ ഫ്‌ളാറ്റിൽ താമസമില്ലെന്ന് വ്യക്തമായി. ഫ്‌ളാറ്റിന്റെ ഉടമകളോ വാടകക്കാരോ അല്ല വോട്ടർ പട്ടികയിലെന്നും തെളിഞ്ഞു.
വ്യാജവിലാസം നൽകി ഇല്ലാത്ത പേരിൽ എങ്ങനെ വോട്ടുകൾ ചേർത്തുവെന്നത് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളവോട്ടുകാരെ കണ്ടെത്താനും അന്വേഷണം തുടങ്ങി. വ്യജവിലാസം നൽകി വോട്ടർപട്ടികയിൽ ഇടംപിടിച്ചവർ വോട്ട് ചെയ്യാൻ എത്തുകയാണെങ്കിൽ തുടർ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
എൽ.ഡി.എഫ് തൃശൂർ പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ചെയർമാൻ എം.കെ. കണ്ണൻ, കെ.കെ. വത്സരാജ്, പി.കെ. ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരും ഫ്‌ളാറ്റിൽ എത്തി പരിശോധന നടത്തി. വോട്ടർപട്ടിക പരിശോധിച്ചപ്പോഴും 73 പേർ എവിടെയെന്ന് കണ്ടെത്താനായില്ല. തുടർന്ന് വ്യാജവോട്ടർമാർക്ക് സ്ലിപ്പ് വിതരണം ചെയ്തിരുന്നോയെന്ന് ബി.എൽ.ഒയോട് ചോദിച്ചപ്പോൾ ഈ 73 പേരുടെ സ്ലിപ്പ് ഒരു കെട്ടായി കൈമാറിയെന്നും, എന്നാൽ വോട്ടർമാരെ നേരിൽ കാണാനായില്ല എന്നുമായിരുന്നു എൽ.ഡി.എഫ് നേതാക്കൾക്ക് ലഭിച്ച മറുപടി.