തൃശൂർ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം 1982ൽ പ്രാവർത്തികമാക്കുന്നതിന് 10 വർഷം മുൻപേ ഇലക്ട്രോ മെക്കാനിക്കൽ സംവിധാനം വഴി മെഷീന്റെ മാതൃക തയാറാക്കിയ വേലൂർ കിരാലൂർ സ്വദേശി തെക്കെപ്പാട്ട് വാസുദേവൻ കേശവൻ നമ്പീശനെ (ടി.വി.കെ നമ്പീശൻ) തൃശൂർ എൻജിനിയറിംഗ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (ടെക്കോസ) നേതൃത്വത്തിൽ ആദരിച്ചു. ടെക്കോസ അംഗങ്ങളുടെ കുടുംബസംഗമവും നടന്നു. പ്രസിഡന്റ് കെ. രാമകൃഷ്ണൻ, ടി.വി.കെ. നമ്പീശനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗവ. എൻജിനിയറിംഗ് കോളേജിൽ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റ ഡോ. പി.ആർ. ഷാലിജിനെ നടനും അസോസിയേഷൻ അംഗവുമായ ടി.ജി. രവി പൊന്നാടയണിയിച്ച് ആദരിച്ചു. മുതിർന്ന അംഗങ്ങളായ ആർ.കെ. രവി, ജയദാസ്, സെക്രട്ടറി എൻ.ഐ. വർഗീസ്, ശ്രീദേവി നമ്പീശൻ എന്നിവർ സന്നിഹിതരായി. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ 1968 ബാച്ച് ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ടി.വി.കെ. നമ്പീശൻ.