1

തൃശൂർ: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ വീറും വാശിയുമേറിയ പ്രചാരണത്തിന് വർണാഭമായ കൊട്ടിക്കലാശം. റോഡ് ഷോയും ബൈക്ക് റാലിയും വാദ്യഘോഷങ്ങളുമായി നാടിളക്കിയായിരുന്നു ശബ്ദ പ്രാചരണത്തിന്റെ കൊട്ടിക്കലാശം. ഇന്നലെ രാവിലെ നേരത്തെ മുതൽ സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയിരുന്നു. ഫോട്ടോ ഫിനിഷിലും മികച്ച പ്രചാരണം നടത്തിയ സ്ഥാനാർത്ഥികൾ ഇന്ന് (25) നിശ്ശബ്ദ പ്രചാരണം നടത്തും. നാളെയാണ് (26) വോട്ടെടുപ്പ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ ഇന്നലെ രാവിലെ ഏഴിനുതന്നെ പ്രചാരണം തുടങ്ങി. ഇടക്കാട്, കുന്നംപുള്ളി, പഞ്ഞിറോഡ്, മഞ്ഞാടി, നൊച്ചുള്ളിപ്പാലം, കരിഞ്ഞാന്തൊടി, കടുങ്ങം, ഇലമന്ദം, മാനാംകുളമ്പ് എന്നിവിടങ്ങളിൽ രാവിലെ പത്തിന് മുമ്പ് പ്രചാരണം പൂർത്തിയാക്കി. തുടർന്ന് പാലക്കാട് ജില്ലയിലെ ചിറ്റൂർ സിവിൽ സ്റ്റേഷൻ പരിസരത്തു നിന്ന് റോഡ് ഷോ തുടങ്ങി. തത്തമംഗലം, കൊല്ലങ്കോട്, നെന്മാറ, പാലക്കാട് വടക്കഞ്ചേരി, പ്‌ളാഴി, ചേലക്കര വഴി വടക്കാഞ്ചേരിയിൽ സമാപിച്ചു. റോഡ് ഷോയിലും മറ്റും നിരവധി പ്രവർത്തകർ പങ്കെടുത്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിലും വൻ ജനാവലിയുണ്ടായിരുന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസും ഇന്നലെ രാവിലെ നേരത്തെ തന്നെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തി. ഉച്ചയ്ക്ക് ചിറ്റൂരിൽ നിന്ന് ബൈക്ക് റാലി ഉൾപ്പെടെ റോഡ് ഷോ തുടങ്ങി. നെന്മാറ, കൊല്ലങ്കോട് വഴി പാലക്കാട് വടക്കഞ്ചേരിയിൽ സമാപിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസു ഇന്നലെ രാവിലെ ചേലക്കര, പഴയന്നൂർ മേഖലയിലാണ് പ്രചാരണം നടത്തിയത്. ഉച്ചയോടെ ഈ മേഖലയിലെ പ്രചാരണം പൂർത്തിയാക്കി. വൈകിട്ട് മൂന്നരയോടെ പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്ന് തുടങ്ങിയ റോഡ് ഷോ ചിറ്റൂരിൽ സമാപിച്ചു.