തൃശൂർ: കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലത്തൂർ തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും നിലനിറുത്താൻ യു.ഡി.എഫും നന്നായി പൊരുതിയ ചിത്രമാണ് ഇന്നലെ ശബ്ദ പ്രചാരണത്തിന്റെ സമാപനത്തിൽ, കൊട്ടിക്കലാശത്തിൽ കണ്ടത്. തങ്ങളെ തുണയ്ക്കും ആലത്തൂർ എന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ.
കഴിഞ്ഞതവണ പി.കെ.ബിജു മത്സരിച്ചപ്പോഴുള്ള നെഗറ്റീവ് വോട്ടുകൾ ഇത്തവണയില്ല. അവസാന ലാപ്പിൽ തങ്ങൾക്കാണ് മുൻതൂക്കമെന്നാണ് യു.ഡി.എഫ് വാദം. അഞ്ച് കൊല്ലം നടത്തിയ വികസന പ്രവർത്തനം തുണയ്ക്കുമെന്നും അവർ കരുതുന്നു. മോദി ഗ്യാരന്റിയിൽ വികസനത്തിന്റെ പുത്തൻ അദ്ധ്യായം രചിക്കുമെന്ന വാഗ്ദാനമാണ് ജനങ്ങൾക്ക് നൽകിയതെന്നും അത് വോട്ടിംഗിൽ മികച്ച പ്രതികരണമുണ്ടാക്കുമെന്നും എൻ.ഡി.എ കരുതുന്നു.
സ്ഥാനാർത്ഥികൾ പറയുന്നു
വളരെ നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നുമുണ്ടായത്. കുട്ടികളും മുതിർന്നവരും സ്ത്രീകളും യുവാക്കളും റാലി ഉൾപ്പെടെയുള്ളവയിൽ സജീവമായിരുന്നു. 106 വയസുള്ളവരും വിവിധ പാർട്ടികളിലുള്ളവരും പങ്കെടുത്തു. പെരിങ്ങോട്ടുകുറുശ്ശിയിൽ മുൻ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥ് മികച്ച പിന്തുണയുമായെത്തി. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വിധിയെഴുത്തുണ്ടാകും. എൽ.ഡി.എഫ് വിജയിക്കും.
കെ.രാധാകൃഷ്ണൻ
എൽ.ഡി.എഫ്
അഞ്ചുവട്ടം പര്യടനം നടത്തി. കഴിഞ്ഞ അഞ്ചുവർഷം ജനങ്ങൾക്കിടയിൽ ഞാനുണ്ടായിരുന്നു. അവരിൽ ഒരാളായി നിന്നതിന്റെ നല്ല പ്രതികരണം വോട്ട് ചോദിച്ച് ചെന്നപ്പോൾ ലഭിച്ചു. സിറ്റിംഗ് എം.പിയെന്ന നിലയിൽ മണ്ഡലത്തിന്റെ എല്ലായിടത്തും വികസനമെത്തിക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ചു. കർഷകരുടെയും സ്ത്രീകളുടെയും ഉൾപ്പെടെ വിവിധ പ്രശ്‌നങ്ങൾ പാർലമെന്റിലെത്തിച്ചു. വിജയിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ട്.
രമ്യ ഹരിദാസ്
യു.ഡി.എഫ്
ഇരുമുന്നണികൾക്കും മണ്ഡലത്തിൽ ഒന്നും ചെയ്യാനായിട്ടില്ല. പ്രചാരണത്തിന് പോകുന്ന സ്ഥലങ്ങളിലെല്ലാം നിരവധി പരാതികളാണ് ലഭിച്ചത്. ചേലക്കരയിൽ പോയപ്പോൾ ഇന്നലെയും കർഷകരുടെ പരാതി കിട്ടി. വെള്ളമില്ലാത്തത് ഉൾപ്പെടെ അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടിട്ടില്ല. ഇവരുൾപ്പെടെ നിരവധി പേർ എൻ.ഡി.എയ്ക്ക് വോട്ട് ചെയ്യും.
ഡോ.ടി.എൻ.സരസു
എൻ.ഡി.എ.