കല്ലേറ്റുംകര: തൊഴിലാളി വർഗത്തിന്റെ പേര് പറഞ്ഞ് അധികാരത്തിലെത്തിയവർ അവരെ വഞ്ചിക്കുകയും മുതലാളിമാർക്ക് വേണ്ടി അധികാരത്തെ ഉപയോഗിക്കുകയുമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരള ഫീഡ്‌സിൽ കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി സംഘടിപ്പിച്ച ഐ.എൻ.ടി.യു.സി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ഭരണത്തിന് മറുപടി നൽകാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളികളെന്നും അദ്ധ്വാന വർഗം യു.ഡി.എഫിനൊപ്പമാണെന്നും ഉണ്ണിയാടൻ പറഞ്ഞു. പ്രസിഡന്റ് എം.എസ്. അനിൽകുമാർ അദ്ധ്യക്ഷനായി. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ. ജോസഫ്, മൊയ്ദീൻ ഷാ, ആദം, ഡെന്നീസ് എന്നിവർ പ്രസംഗിച്ചു.