അന്തിക്കാട്: ' ഇഷ്ട സ്വർഗങ്ങൾ 'എന്ന പേരിൽ അന്തിക്കാട് ഹൈസ്‌കൂളിലെ 85 -86 എസ്.എസ്.എൽ.സി പൂർവ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം ഏപ്രിൽ 28ന് അന്തിക്കാട് ഹൈസ്‌കൂളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് ആരംഭിക്കുന്ന സംഗമ ദിന പരിപാടികൾ വൈകിട്ട് സമാപിക്കും. 38 വർഷങ്ങൾക്ക് ശേഷമാണ് ഈ സഹപാഠികളുടെ കൂട്ടായ്മ ഒന്നിക്കുന്നത്. അഞ്ചു ഡിവിഷനുകളിൽ നിന്നായി 140 പൂർവ വിദ്യാർത്ഥികൾ പങ്കെടുക്കും. ചടങ്ങിൽ പൂർവ വിദ്യാർത്ഥികളെ പഠിപ്പിച്ച 11 പൂർവ അദ്ധ്യാപകരെ ആദരിക്കും. ആദരിക്കപ്പെടുന്ന അദ്ധ്യാപകരും തിരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥികളും ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്യുകയെന്നും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷക്കാലമായി ഭാരവാഹികളെ ഒന്നും തിരഞ്ഞെടുക്കാതെ എല്ലാവരും ഒന്നുപോലെ പ്രവർത്തിക്കുന്നുവെന്നതാണ് ഈ സഹപാഠിക്കൂട്ടത്തിന്റെ പ്രത്യേകത. ഒരു സഹപാഠി ആകസ്മികമായ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അരലക്ഷം രൂപയോളവും മറ്റൊരു സഹപാഠിയുടെ ഭർത്താവിന് അർബുദം ബാധിച്ചപ്പോൾ അവർക്ക് ആവശ്യമായ സാമ്പത്തിക സഹായമായി 37,000 രൂപയും സമാഹരിച്ച് നൽകാനും സാധിച്ചു. മറ്റൊരു സഹപാഠിക്ക് മാസം 7000 രൂപ വച്ച് ഈ കൂട്ടായ്മ കഴിഞ്ഞ ഒരു വർഷമായി സഹായം നൽകുന്നു. പൂർവ വിദ്യാർത്ഥികൾ 9446047510, 8606418531 ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. അഡ്വ. ബീന അശോകൻ, ലിറ്റി റാഫേൽ, കെ.എം. ഫ്രാൻസിസ്, ഷിനു കുറുവത്ത്, സുനിൽ മേനോത്തുപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൻ പങ്കെടുത്തു.