ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനംകുറിച്ച് മൂന്ന് മുന്നണികളുടെയും തൃപ്രയാറിലെ കൊട്ടിക്കലാശം.
തൃപ്രയാർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് തൃപ്രയാറിൽ ആവേശകരമായ സമാപനം. മൂന്ന് മുന്നണികളുടെയും പ്രവർത്തകർ തൃപ്രയാറിനെ ഇളക്കി മറിച്ചു. ഓരോ മുന്നണിക്കും ജംഗ്ഷനിൽ പൊലീസ് പ്രത്യേകം സ്ഥലം അനുവദിച്ചിരുന്നു. ഇതുമൂലം അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായില്ല. വൈകിട്ട് നാലോടെ തന്നെ പ്രചാരണ വാഹനങ്ങൾ ജംഗ്ഷനിൽ തലങ്ങും വിലങ്ങും പാഞ്ഞു. ഇരുചക്രവാഹനങ്ങളിലും പ്രകടനമായും പ്രവർത്തകർ ജംഗ്ഷനിലെത്തി.
ജംഗ്ഷനിൽ എൽ.ഡി.എഫ് പ്രവർത്തകർ നേരത്തേ അണിനിരന്നു. എൻ.ഡി.എ പ്രവർത്തകർ ബാന്റ് മേളത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പോളി ജംഗ്ഷനിൽ നിന്നും പ്രകടനമായാണ് ജംഗ്ഷനിലെത്തിയത്. തുടർന്ന് തെക്ക് ഭാഗത്ത് ബി.ജെ.പി പ്രവർത്തകർ അണിനിരന്നു. വടക്കുഭാഗത്ത് യു.ഡി.എഫ് പ്രവർത്തകരും നിലയുറപ്പിച്ചു.
കാവടിയും ശിങ്കാരിമേളവും ബാൻഡും അരങ്ങ് കൊഴുപ്പിച്ചു. സ്ത്രീകളുൾപ്പെടെയുള്ള മുന്നണി പ്രവർത്തകർ ആടിത്തിമിർത്തു. റോഡിനിരുവശത്തെ കെട്ടിടങ്ങൾക്ക് മുകളിലും പ്രവർത്തകർ കയറി പതാകകൾ വീശിയാണ് ആവേശം നിറച്ചത്. റോഡിനിരുവശത്തും നൂറുകണക്കിനാളുകൾ കൊട്ടിക്കലാശം കാണാൻ തടിച്ചുകൂടിയിരുന്നു. കൊട്ടിക്കലാശത്തെ തുടർന്ന് രണ്ട് മണിക്കൂറിലധികം നേരം ജംഗ്ഷനിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ പൊലീസ് വഴിതിരിച്ചു വിടുകയും ചെയ്തു.