bus-parking
കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുമ്പിൽ അനധികൃതമായി ബസുകൾ പാർക്ക് ചെയ്തിരിക്കുന്നു.

കൊടുങ്ങല്ലൂർ : പാതയോരം കൈയടക്കിയുള്ള അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്കൊഴിയാത്ത സ്ഥിതിയാണ് ചന്തപ്പുരയിൽ. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രംഗത്തിറങ്ങേണ്ട പൊലീസാകട്ടെ അതൊന്നും അറിഞ്ഞില്ല മട്ടിലാണ്. ദുരിതം പേറുന്നതാകട്ടെ വാഹനയാത്രികരും. അനധികൃത പാർക്കിംഗ് മൂലം നഗരത്തിലേക്കുള്ള പ്രധാന പി.ഡബ്ല്യു.ഡി റോഡിൽ ഗതാഗത കുരുക്കും അപകടങ്ങളുണ്ടാകാനുള്ള സാദ്ധ്യതകളും ഏറുകയാണ്. ഗതാഗതക്കുരുക്കിൽപെട്ട് ലോക്കൽ ബസുകളുടെ സമയക്രമം തെറ്റുകയും ട്രിപ്പ് മുടങ്ങുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ ബൈപാസിൽ ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ വടക്കുനിന്നും വരുന്ന വാഹനങ്ങളെല്ലാം ചന്തപ്പുര വഴിയാണ് കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ ഇവിടെ എപ്പോഴും ഇരുഭാഗത്തേക്കും സഞ്ചരിക്കുന്ന വാഹനങ്ങളുടെ വലിയ തിരക്കും അനുഭവപ്പെടുന്നു.
റോഡിന് ഇരുവശങ്ങളിലുമായി ഇരുചക്ര വാഹനങ്ങളും മറ്റും വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്യുന്നത് വ്യാപകമാകുമ്പോഴും നിയന്ത്രിക്കാൻ പൊലീസില്ലാത്തതും പ്രശ്‌നം വഷളാക്കുന്നു. ചന്തപ്പുര ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുമ്പിൽ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിംഗും ഗതാഗത തടസത്തിന് കാരണമാകുന്നു. തൊട്ടരികിലുള്ള ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാതെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുമ്പിൽ ബസുകൾ നിരനിരയായി നിറുത്തിയിടുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഇതുമൂലം ഗുരുവായൂർ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസുകൾ തോന്നിയ സ്ഥലത്തു നിറുത്തേണ്ടി വരുന്നത് ബസിൽ കയറിപ്പറ്റാൻ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. അനധികൃത പാർക്കിംഗ് കാഴ്ച മറയ്ക്കുന്നതിനാൽ വരുന്ന ബസ് എങ്ങോട്ടു പോകുന്നതാണെന്ന് മനസിലാക്കാൻപോലും യാത്രക്കാർക്ക് കഴിയുന്നില്ല. ബസ് സ്റ്റാൻഡിൽ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ സെൻട്രോ മാളിനു മുമ്പിലെ തിരുവിലെ അനധികൃത പാർക്കിംഗിലും വടക്കു നിന്നും തെക്കു നിന്നും വരുന്ന വാഹനത്തിരക്കിലുംപെട്ട് കടന്നു പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇതിനിടയിലാണ് ചന്തപ്പുര മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ കിഴക്കുവശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുമ്പിൽ ബസുകളുടെ അനധികൃത പാർക്കിംഗ് നടന്നു വരുന്നത്. നഗരമദ്ധ്യത്തിൽ ഇങ്ങനെയെല്ലാം നടക്കുമ്പോഴും നിയന്ത്രിക്കാൻ പൊലീസ് ഇല്ലാത്ത സ്ഥിതിയാണ്. ചന്തപ്പുരയിൽ ട്രാഫിക്ക് പൊലീസിനെ നിയോഗിക്കണമെന്നും അനധികൃത പാർക്കിംഗിന് അറുതി വരുത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സത്വര നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നുമാണ് ഉയരുന്ന ആവശ്യം.

ബസ് സ്റ്റാൻഡിൽ നിന്നും തിരിഞ്ഞുവരുന്ന ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ പൊലീസ് നടപടിയെടുക്കണം. ഈ ഭാഗത്ത് പാർക്കിംഗ് നിരോധന ബോർഡ് സ്ഥാപിക്കണം.
- കെ.കെ. രാജൻ
(കൊടുങ്ങല്ലൂർ യൂണിറ്റ് സെക്രട്ടറി,
ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ്)