കൊടുങ്ങല്ലൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് കൊടുങ്ങല്ലൂരിൽ ആവേശകരമായ കൊട്ടിക്കലാശം. കൊടുങ്ങല്ലൂരിൽ മൂന്ന് മുന്നണികൾക്കും മൂന്നിടങ്ങളിലാണ് കൊട്ടിക്കലാശത്തിന് സ്ഥലങ്ങൾ അനുവദിച്ചിരുന്നത്. അതുകൊണ്ട് തന്നെ സംഘർഷാവസ്ഥയുണ്ടായില്ല. എൽ.ഡി.എഫ് പ്രവർത്തകർ വടക്കെനടയിലെ വില്ലേജ് ഓഫീസിനു മുമ്പിലും യു.ഡി.എഫ് പ്രവർത്തകർ ഗേൾസ് സ്‌കൂളിന്റെ മുമ്പിലും എൻ.ഡി.എ പ്രവർത്തകർ തെക്കെ നടയിലുമാണ് കൊട്ടിക്കലാശം നടത്തിയത്. നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും അണിനിരന്നതോടെ കൊട്ടിക്കലാശം ആവേശം നിറഞ്ഞതായി. ബൈക്കുകളും മറ്റ് വാഹനങ്ങളും അകമ്പടിയായുണ്ടായിരുന്നു.