annadanam
അന്നമനട മഹാദേവ ക്ഷേത്രത്തിൽ അന്നദാന മണ്ഡപ നിർമ്മാണത്തിനായി മുൻ മുഖ്യമന്തി കെ. കരുണാകരൻ ശിലയിട്ട സ്ഥലം.

അന്നമനട : കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള അന്നമനട മഹാദേവ ക്ഷേത്രത്തിൽ അന്നദാന മണ്ഡപം ഇനിയുമായില്ല. ചരിത്ര പ്രാധാന്യമുള്ള അന്നമനട മഹാദേവ ക്ഷേത്രത്തിൽ മറ്റു ദേശങ്ങളിൽ നിന്നുൾപ്പെടെ നിരവധി ഭക്തർ എത്തുന്നുണ്ട്. ഉത്സവ സമയങ്ങളിലും മറ്റും നടക്കുന്ന അന്നദാനത്തിന് ഊട്ടുപുരയിൽ സ്ഥലസൗകര്യം വളരെ പരിമിതമാണ്. നിരവധി വിവാഹ ചടങ്ങുകൾ നടക്കുന്ന ക്ഷേത്രത്തിൽ ക്ഷേത്രത്തിനോട് ചേർന്ന് അന്നദാനമണ്ഡപം കൂടി ഉണ്ടാവുകയാണെങ്കിൽ സാധാരണക്കാർക്ക് അത് ഏറെ പ്രയോജനകരമാകും. 1990 കളിൽ അന്നത്തെ മുഖ്യമന്ത്രിയും മാള എം.എൽ.എയുമായിരുന്ന കെ. കരുണാകരൻ അന്നദാന മണ്ഡപ നിർമ്മാണത്തിനിട്ട ശില പോലും ഇന്നവിടെയില്ല. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ തുലാഭാരം നടത്താനായി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ഭക്തർ ക്ഷേത്രത്തിൽ അന്നദാന മണ്ഡപം ഉണ്ടാക്കേണ്ട ആവശ്യകത അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയത്. കെ. കരുണാകരന്റെ താത്പര്യപ്രകാരം അഞ്ച് ലക്ഷം രൂപ വകയിരുത്തി കൊച്ചിൻ ബോർഡ് മുൻകൈയെടുത്ത് അന്നദാന മണ്ഡപത്തിന്റെ നിർമ്മാണവും തുടങ്ങി. നിർമ്മാണം തുടങ്ങി തറപ്പൊക്കം എത്തിയപ്പോഴേക്കും സമീപവാസി നൽകിയ പരാതിയെത്തുടർന്ന് നിർമ്മാണം നിറുത്തിവച്ചു. പിന്നീട് ക്ഷേത്രോപദേശക സമിതിയിൽ വന്ന മാറ്റവും കൊച്ചിൻ ദേവസ്വം ബോർഡിന്റെ താത്പര്യമില്ലായ്മയും നിർമ്മാണ പ്രവർത്തനത്തിന് വിലങ്ങുതടിയായി. അന്നദാന മണ്ഡപം നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. കളക്ടർക്ക് ലഭിച്ച പരാതിയെത്തുടർന്ന് ഊട്ടുപുരയിൽ കഴിഞ്ഞ ഉത്സവത്തിന് അന്നദാനം നടത്താൻ സാധിക്കാതെ വന്നതോടെ മുമ്പ് അന്നദാനമണ്ഡപത്തിന് വേണ്ടി ശിലയിട്ട അന്നമനട ദേവസ്വം ഓഫീസിനോട് ചേർന്നുള്ള സ്ഥലത്ത് താത്കാലിക പന്തലൊരുക്കിയാണ് പതിനായിരക്കണക്കിന് ഭക്തർ പങ്കെടുത്ത അന്നദാനം നടത്തിയത്. അന്നദാന മണ്ഡപം നിർമ്മാണം പുനരാരംഭിച്ച് എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഭക്തർക്ക് സൗകര്യമൊരുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

അന്നമനട മഹാദേവ ക്ഷേത്രത്തിൽ വിവിധ സമുദായക്കാരുടെ നിരവധി വിവാഹങ്ങൾ നടക്കാറുണ്ട്. ഇടത്തരക്കാരായ കുടുംബങ്ങളിലെ വിവാഹമാണ് ഭൂരിഭാഗവും നടക്കാറുള്ളത്. അന്നദാന മണ്ഡപമില്ലാത്തത് അവർക്കെല്ലാം അസൗകര്യം സൃഷ്ടിക്കാറുണ്ട്. അന്നദാന മണ്ഡപം ഉണ്ടാവുകയാണെങ്കിൽ അത് വളരെ സൗകര്യമായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് മുൻകൈയെടുത്ത് ബന്ധപ്പെട്ടവരുടെ സഹകരണത്തോടെ അന്നദാന മണ്ഡപം നിർമ്മിക്കാൻ നടപടി സ്വീകരിക്കണം.
- കെ.എം. ശിവദാസൻ മാരാർ.
(ക്ഷേത്രം ഉപദേശക സമിതി മുൻ സെക്രട്ടറി)