കുഴിക്കാട്ടുശ്ശേരി : യുവ ചലച്ചിത്ര സംവിധായകൻ മോഹൻ രാഘവന്റെ സ്മരണയ്ക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമിക സംഘടിപ്പിച്ച മോഹനം ചലച്ചിത്രോത്സവം സമാപിച്ചു. ആളൂർ പഞ്ചായത്തും ഗ്രാമികയും ചേർന്നൊരുക്കുന്ന ദേശക്കാഴ്ച കലാ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ചിത്രകാരനും ചലച്ചിത്ര സംവിധായകനുമായ കെ.എം. മധുസൂദനൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ. കുസുമം ജോസഫ് അദ്ധ്യക്ഷയായി. ഡോ. അനു പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാരം നേടിയ സംവിധായിക താര രാമാനുജനെ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ആദരിച്ചു. പി.ബി. ഹൃഷികേശൻ, പി.കെ. ഗണേഷ്, വിത്സൻ ആന്റണി, പി.കെ. കിട്ടൻ, സി. മുകുന്ദൻ എന്നിവർ സംസാരിച്ചു. തുടർന്ന് മേളയിലെ അവസാന ചിത്രമായി താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ പ്രദർശിപ്പിച്ചു. 15ന് ആരംഭിച്ച ഫെസ്റ്റിവലിൽ ശ്രദ്ധേയമായ എട്ട് ഫീച്ചർ ഫിലിമുകളും രണ്ട് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവും ഉൾപ്പെടെ 11 മലയാള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.