1

തൃശൂർ: പ്രചാരണത്തിന്റെ തീച്ചൂടും കലാശക്കൊട്ടും നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകളും പൂർത്തിയാക്കി മുന്നണി നേതൃത്വം മനക്കണക്ക് കൂട്ടുമ്പോൾ, ഇന്ന് വോട്ടർമാർ ബൂത്തിലേക്ക്.

തൃശൂർ മണ്ഡലം മുൻതിരഞ്ഞെടുപ്പുകളിൽ കാണാത്ത കടുത്ത ത്രികോണപ്പോരിലായിരന്നു, തുടക്കം മുതൽ ഒടുക്കം വരെ. കെ. മുരളീധരനും സരേഷ് ഗോപിയും വി.എസ്. സുനിൽകുമാറും പ്രചാരണത്തിൽ ഓരോ ഘട്ടത്തിലും നിന്നത് ഒപ്പത്തിനൊപ്പം. അടിയൊഴുക്കുകൾ ഉണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ നിഗമനം. അതിലുളള ആശങ്കയും അവർക്കുണ്ടുതാനും. സ്ഥിരമായി ഒരു മുന്നണിക്കൊപ്പം നിൽക്കാത്ത തൃശൂരിൽ അതിനാൽ അവസാനനിമിഷം വരെ പ്രവചനാതീതമാണ് കാര്യങ്ങൾ.

ആർക്കൊപ്പം തൃശൂർ നിലകൊള്ളുമെന്ന് അറിയാൻ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാന മണ്ഡലം തന്നെയാണ് തൃശൂർ. മൂന്ന് സ്ഥാനാർത്ഥികൾക്കും പ്രതിച്ഛായയും വ്യക്തിബന്ധങ്ങളും വേണ്ടുവോളമുണ്ട്. ആരാധനകൊണ്ട് ഒപ്പം നിൽക്കുന്ന ആത്മാർത്ഥത വേണ്ടുവോളമുള്ള പ്രവർത്തകരുമുണ്ട്. വിവാദവിഷയങ്ങളും ആരോപണ - പ്രത്യാരോപണങ്ങളും ഇതുപോലെ നിറഞ്ഞ മറ്റൊരു തിരഞ്ഞെടുപ്പ് മുൻപ് ഉണ്ടായിട്ടില്ലെന്ന് പറയുന്നവരാണേറെയും. അനിഷ്ട സംഭവങ്ങളോ പരാതികളോ അപവാദപ്രചാരണമോ ഇല്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലെത്തിച്ചു എന്നതിൽ മൂന്ന് സ്ഥാനാർത്ഥികൾക്കും മുന്നണി നേതൃത്വത്തിനും ജനങ്ങൾ കൈയടി നൽകുന്നുണ്ട്.

സംസ്ഥാന ദേശീയ തലത്തിൽ നിർണായകം

തൃശൂരിലെ തിരഞ്ഞെടുപ്പ് സംസ്ഥാന ദേശീയ തലത്തിൽ തന്നെ നിർണായകമാണ്. കെ. മുരളീധരന്റെ ജയം കോൺഗ്രസിനും സുനിൽകുമാറിന്റെ ജയം ഇടതുപക്ഷത്തിനും നിർണായകമാണ്. സുരേഷ് ഗോപിയെ ജയിപ്പിക്കുകയെന്നത് എൻ.ഡി.എയുടെ അഭിമാനപ്രശ്‌നവുമാണ്. മതസാമുദായിക വികാരങ്ങളും മതേതരത്വപ്രശ്‌നങ്ങളും പൂരവിവാദങ്ങളും കരുവന്നൂരുമെല്ലാം കലങ്ങിക്കുഴഞ്ഞ പ്രചാരണത്തിനൊടുവിൽ ജനങ്ങൾ വിധിയെഴുതമ്പോൾ, എന്താണ് അവരെ ആഴത്തിൽ സ്വാധീനിച്ചതെന്ന് കൃത്യമായി പറയാനാവില്ല. പ്രവർത്തകരുടെ ബാഹുല്യത്തെയും പണക്കൊഴുപ്പും കണ്ട മണ്ഡലം കൂടിയാണിത്.


അതീവ സുരക്ഷയിൽ 48 പ്രശ്‌നബാധിത ബൂത്തുകൾ

ജില്ലയിൽ 48 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്‌നസാദ്ധ്യതാ ബൂത്തുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സി.എ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. വെബ് കാസ്റ്റിംഗ് സംവിധാനം, വീഡിയോഗ്രാഫർ, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പടെയുളള മുഴുവൻ ദൃശ്യങ്ങളും ചിത്രീകരിക്കും.