1

തൃശൂർ: ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം. ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പെടെയുളള മുഴുവൻ ദൃശ്യങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനത്തിലൂടെ തൽസമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും. കളക്ടറേറ്റിലെ ഒന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ ഒരുക്കിയ കമാൻഡ് കൺട്രോൾ റൂമിലാണ് വെബ്കാസ്റ്റിംഗ് നിരീക്ഷിക്കുന്നത്.

ഒരു നിയമസഭാ മണ്ഡലത്തിന് ഒന്നുവീതം 13 ടെലിവിഷനുകളാണ് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിട്ടുള്ളത്. 13 പേരടങ്ങുന്ന സംഘത്തെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. ഇന്ന് രാവിലെ ആറുമുതൽ പോളിംഗ് അവസാനിച്ച് ബൂത്തിലെ പ്രവർത്തനം അവസാനിക്കുന്നത് വരെ വെബ്കാസ്റ്റിംഗ് ഉണ്ടാകും.
കൂടാതെ ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവേലൻസ് സ്‌ക്വാഡ്, ജില്ലയിൽ 16 ലൊക്കേഷനുകളിലെ ചെക്ക്‌പോസ്റ്റുകളിൽ സ്ഥാപിച്ച സി.സി.ടി.വി, ഒമ്പത് പരിശീലന കേന്ദ്രം, പോളിംഗ് സാമഗ്രികളുമായി സഞ്ചരിക്കുന്ന ഇ.വി.എം വാഹനങ്ങൾ, വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ, ഡിസ്റ്റലറി ആൻഡ് ബ്രൂവറി തുടങ്ങിയവയും തത്സമയം കമാൻഡ് കൺട്രോൾ റൂമിൽ നിരീക്ഷിക്കും.