തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ പൂങ്കുന്നം 33-ാം നമ്പർ ബൂത്തിൽ ക്രമവിരുദ്ധമായി വോട്ടുകൾ ചേർത്തതായി വരണാധികാരിക്ക് എൽ.ഡി.എഫിന്റെ പരാതി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്‌ഷൻ ഏജന്റ് കെ.പി. രാജേന്ദ്രനാണ് പരാതി നൽകിയത്. ഈ മേഖലയിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർക്കുന്നത് സംബന്ധിച്ച് നേരത്തെ നൽകിയ പരാതി ശരിവയ്ക്കുന്നതാണിതെന്ന് പരാതിയിൽ പറയുന്നു.
വരവൂർ പഞ്ചായത്തിൽ വോട്ടുള്ള രണ്ടു പേരുടെ വോട്ടാണ് ക്രമവിരുദ്ധമായി പൂങ്കുന്നത്ത് ചേർത്തിരിക്കുന്നത്. പ്രദേശത്ത് സ്ഥിരതാമസമില്ലാത്തവരുടെയും അന്യ സംസ്ഥാന തൊഴിലാളികളുടെയും പ്രദേശങ്ങളിൽ കേട്ടുകേൾവി പോലുമില്ലാത്തവരുടെയും വോട്ട് ചേർത്തുവരുന്നതായി വ്യാപക പരാതിയുണ്ട്. അടഞ്ഞുകിടക്കുന്ന അപ്പാർട്ട്‌മെന്റുകൾ കേന്ദ്രീകരിച്ചും വോട്ടർപട്ടികയിൽ നിന്നും ഐ.ഡി കാർഡ് നമ്പറുകളും വീട്ടുനമ്പറുകളും എടുത്ത് വീടുകളിൽ താമസിക്കുന്നവർ പോലുമറിയാതെയും വ്യാജ വാടക കരാറുകൾ ഉണ്ടാക്കിയും സ്ഥലത്തില്ലാത്തവരുടെയും താമസമില്ലാത്തവരുടെയും വോട്ട് ചേർക്കുന്നുണ്ടെന്നും പരാതിയുണ്ട്.
ജനുവരി 22ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് പുതുതായി പ്രസിദ്ധീകരിക്കാനിരിക്കുന്ന വോട്ടർപട്ടികയിൽ വരത്തക്കവിധം വോട്ടുകൾ ചേർത്തിവരുന്നത്. കളക്ടർ, വിഷയത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും എൽ.ഡി.എഫ് അറിയിച്ചു.