ചാലക്കുടി : തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കാൻ താമസിച്ചതുമൂലം പോളിംഗ് സ്റ്റേഷനിലേക്കുള്ള വാഹനങ്ങൾ വൈകി. ചാലക്കുടി നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പിലേയ്ക്കുള്ള സാമഗ്രികൾ കാർമൽ സ്‌കൂൾ ഹാളിൽ നിന്നാണ് വിതരണം ചെയ്തത്. 185 പോളിംഗ് ബൂത്തുകളിലേക്കുള്ള ഉപകരണങ്ങളാണ് മുഖ്യ ഭരണാധികാരി ചാലക്കുടി ഡി.എഫ്.ഒ.എം. വെങ്കിടേശ്വരന്റെ നേതൃത്വത്തിൽ തയ്യാറാക്കി ഉദ്യോഗസ്ഥർക്ക് കൈമാറിയത്. വിതരണം ഉച്ചയ്ക്ക് 12 മണിയോടെ പൂർത്തിയായെങ്കിലും ജി. പി .എസ് ഘടിപ്പിക്കുന്നതിലെ താമസം വാഹനങ്ങൾ പുറപ്പെടുന്നത് ഒന്നരമണിക്കൂറോളം വൈകി. ബസുകൾ അടക്കം 40 സ്വകാര്യ വാഹനങ്ങൾ സാമഗ്രികൾ കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്നു. പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് വ്യാഴാഴ്ച ഭക്ഷണം ഒരുക്കിയിരുന്നു. കൊടകര പഞ്ചായത്തിലെ മനക്കുളങ്ങര കൃഷ്ണവിലാസം യു. പി. സ്‌കൂളിലാണ് ചാലക്കുടി മണ്ഡലത്തിലെ ഒന്നാം നമ്പർ പോളിംഗ് സ്റ്റേഷൻ. 185-ാമത്തെതും അവസാനത്തേതുമായ ബൂത്ത് കൊരട്ടി പഞ്ചായത്തിലെ ചിറങ്ങര ഇറിഗേഷൻ ഓഫീസാണ്. കൊരട്ടിയിലെ നാലുകെട്ട് ത്വക്ക് രോഗ ആശുപത്രി കോളനിയിൽ പതിവുപോലെ പ്രത്യേക പോളിംഗ് സ്റ്റേഷൻ ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് ചാലക്കുടി മണ്ഡലത്തിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള ബൂത്ത്. അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ച് മരം ഫോറസ്റ്റ് സ്റ്റേഷനിൽ ആദിവാസി വിഭാഗത്തിന് മാത്രമായി ഒരു പോളിംഗ് സ്റ്റേഷനുമുണ്ട്. ഇവിടെ 273 വോട്ടർമാരാണുള്ളത്. ചാലക്കുടി മണ്ഡലത്തിൽ 1, 94,240 വോട്ടർമാരുണ്ട്. ഇതിൽ 1, 00,622 സ്ത്രീകളും 93616 പുരുഷന്മാരും. ട്രാൻസ്‌ജെൻഡർമാരുടെ എണ്ണം 2.

ചാലക്കുടി മണ്ഡലത്തിൽ
1, 94,240 വോട്ടർമാർ
1, 00,622 സ്ത്രീകൾ
93616 പുരുഷന്മാർ
ട്രാൻസ്‌ജെൻഡർ 2