1


തൃശൂർ: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാർ ഇന്ന് രാവിലെ മുതൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബൂത്തുകളിലെത്തും. ആകെ 13,32,496 വോട്ടർമാരാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12,64,471വോട്ടർമാരായിരുന്നു.

വോട്ടവകാശം ആർക്ക് വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള ദിവസമായിരുന്നു വോട്ടർമാർക്ക് ഇന്നലെയെങ്കിൽ സ്ഥാനാർത്ഥികൾക്ക് തിരക്കുപിടിച്ച പ്രചാരണത്തിൽ നിന്ന് ഇളവുകിട്ടിയ ദിവസമായിരുന്നു. എങ്കിലും അവർ നിശബ്ദ പ്രചാരണത്തിലും തയ്യാറെടുപ്പുകളിലും മുഴുകി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇന്നലെയും അവർ സമയം കണ്ടെത്തി.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ വടക്കാഞ്ചേരിയിലെ കൊട്ടിക്കലാശത്തിന്‌ ശേഷം സ്വന്തം തട്ടകമായ ചേലക്കര തോന്നൂർക്കരയിൽ ഉണ്ടായിരുന്നു. ഇന്ന് രാവിലെ 8.30ന് തോന്നൂർക്കര എ.യു.പി സ്‌കൂളിലെ 75-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്യും. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ആലത്തൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 65-ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന്‌ വോട്ട്‌ രേഖപ്പെടുത്തും. എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസുവിന് കൊടുങ്ങല്ലൂർ വേമ്പലൂർ വടക്കുഭാഗം എസ്.എൻ.കെ.യു.പി സ്‌കൂളിലെ 91-ാം നമ്പർ ബൂത്തിലാണ്‌ വോട്ട്. രാവിലെ ഏഴിന്‌ വോട്ട് ചെയ്തശേഷം ബൂത്തുകൾ സന്ദർശിക്കും. ഇന്നലെ നെല്ലിയാമ്പതിയിലായിരുന്നു നിശബ്ദ പ്രചാരണം.

വോട്ടർമാരുടെ കണക്ക്

ആകെ: 13,32,496

സ്ത്രീകൾ: 6,89047

പുരുഷന്മാർ: 6,48437

കന്നിവോട്ടർമാർ: 23,768

85ന് മുകളിലുള്ളവർ: 17,383

ഭിന്നശേഷിക്കാർ: 12,626

ട്രാൻസ്‌ജെൻഡർ: 12