ചേർപ്പ് : ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിലെ മേളപ്രമാണി ചെറുശ്ശേരി പണ്ടാരത്തിൽ കുട്ടൻ മാരാർക്ക് പ്രമാണികത്വത്തിൽ 25 വർഷത്തിന്റെ തിളക്കം. ഇതോടനുബന്ധിച്ച് ഊരകം ക്ഷേത്രകലാസ്വാദക വേദി കുട്ടൻ മാരാരെ രജതപൂർണിമ പുരസ്‌കാരം നൽകി ആദരിക്കും. 28ന് വൈകിട്ട് 4 ന് ഊരകം ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഇരിങ്ങാലക്കുട നടനകൈരളി നാട്യാചാര്യൻ വേണുജി ഉദ്ഘാടനം ചെയ്യും. ചെറുവത്തൂർ വാസുദേവൻ നമ്പൂതിരി ബഹുമതി സമർപ്പണം നടത്തും. 57കാരനായ കുട്ടൻ മാരാർ ഇതിനകം ഊരകത്തമ്മത്തിരുവടിയുടെ പെരുവനം, ആറാട്ടുപുഴ പൂരം എഴുന്നെള്ളിപ്പുകൾക്ക് 25 വർഷം പ്രമാണികത്വം വഹിച്ചു. തൃശൂർ പൂരത്തിൽ തിരുവമ്പാടി, പാറേമക്കാവ് മേളങ്ങളിൽ പ്രത്യേകം പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഊരകത്തമ്മത്തിരുവടി വലയാധീശ്വരി സുവർണ മുദ്ര, ശബരിമല അയപ്പ ഭക്തരുടെ സുവർണ മുദ്ര, മുഖൈ കേളി കീർത്തി ശംഖ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പിതാവ് കുമരപുരം അപ്പുമാരാർ ചെണ്ടയിലും വൈലൂർ ഉണ്ണിമാരാർ അനുഷ്ഠാന വാദ്യങ്ങളിലും കുട്ടപ്പമാരാർ തിമിലയിലും ഗുരുക്കൻമാരാണ്. ഈച്ചരത്ത് ശ്രീരേഖ വാരസ്യാരാണ് ഭാര്യ. മക്കൾ: ആനന്ദ്, അമൃത. രജത പൂർണിമയോടനുബന്ധിച്ച് കേളി, പരിഷവാദ്യം, വയലിൻ നാദ സുധാരസം എന്നിവയുണ്ടാകും.