കുന്നംകുളം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരത്തിൽ ഹരിത ബൂത്ത് നിർമ്മിച്ച് കുന്നംകുളം നഗരസഭ. തിരഞ്ഞെടുപ്പിൽ അജൈവമാലിന്യങ്ങൾ പരമാവധി കുറക്കുന്നതിന് വിവിധ മുന്നണികൾക്ക് നിർദ്ദേശം നൽകിയതായി നഗരസഭ ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ ആറ്റ്‌ലി പി. ജോൺ അറിയിച്ചു. കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ ഹരിത പോളിംഗ് ബൂത്ത് മാതൃക നഗരസഭാ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കി. വേനൽക്കാലത്ത് പൊതുജനങ്ങൾക്ക് സംഭാരം വിതരണം ചെയ്യുന്നതിന് ഒരുക്കിയ കേന്ദ്രമാണ് നഗരസഭ മാതൃകാ ഹരിത പോളിംഗ് ബൂത്താക്കി മാറ്റിയത്. ഹരിത ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ലഘുലേഖകളും ബൂത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ഇവിടെ സംഭാരവിതരണം ഉണ്ടാകും. നഗരസഭ പരിധിയിലെ 40 പോളിംഗ് ബൂത്തുകളിലും ജൈവ അജൈവമാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതോടെ ഈ മാലിന്യങ്ങൾ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തിച്ച് അജൈവ ജൈവമാലിന്യങ്ങൾ തരംതിരിച്ച് സംസ്‌കരിക്കും. എല്ലാ ബൂത്തുകളിലും ഹരിത കർമ്മ സേന അംഗങ്ങളുടെ സേവനവും ലഭ്യമാകും. പ്രവർത്തനങ്ങൾക്ക് കുന്നംകുളം നിയോജകമണ്ഡലം ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ ആറ്റ്‌ലി പി. ജോൺ, നഗരസഭ നോഡൽ ഓഫീസർ എം. എസ്. ഷീബ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.പി. വിഷ്ണു,സജീഷ് എന്നിവർ നേതൃത്വം നൽകും.