അന്തിക്കാട് : വർത്തമാനകാല സാഹചര്യത്തിൽ ഈ തിരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ടെന്ന് സത്യൻ അന്തിക്കാട്. എല്ലാ തിരഞ്ഞെടുപ്പുകളും വളരെ പ്രധാനപ്പെട്ടതാണ്. ഒരു പൗരൻ എന്ന നിലയിൽ നമ്മുടെ അവകാശങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന അവസരമാണ് തിരഞ്ഞെടുപ്പ്. തന്റെ മണ്ഡലത്തിൽ മത്സരിക്കുന്നവരെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ദേശീയ രാഷ്ട്രീയത്തിൽ എന്ത് സംഭവിക്കണമെന്ന് നാം ആഗ്രഹിക്കുന്നുവോ, ആ ആഗ്രഹം സഫലീകരിക്കുന്നതിനാണ് നാം വോട്ട് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മനസ്സിൽ രൂപപ്പെടുത്തിയ ഒരു ചിഹ്നമുണ്ട്. വ്യക്തമായ രീതിയിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. അന്തിക്കാട് ഗവ. എൽ.പി സ്‌കൂളിലെ 31-ാം ബൂത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാടും ഭാര്യ നിമ്മിയും വോട്ട് രേഖപ്പെടുത്തിയത്.