ചാലക്കുടി: തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചതു മുതൽ കൊട്ടിക്കലാശം വരെ സമാധാന അന്തരീക്ഷത്തിലായിരുന്ന ചാലക്കുടി മണ്ഡലത്തിൽ പോളിംഗും സമാധാനപരമായി അവസാനിച്ചു. എന്നാൽ ആകെയുള്ള 185ൽ ആറ് ബൂത്തുകളിൽ മെഷിൻ തകരാറിലായി. സൈന്യത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്ന വി.ആർ.പുരം സ്‌കൂൾ ബൂത്തുകളിലും വോട്ടിംഗ് സുഗമമായി. തുമ്പൂർ മുഴിയിലെ ബൂത്തിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ.ഉണ്ണിക്കൃഷ്ണന് മാത്രമായിരുന്നു മണ്ഡലത്തിൽ വോട്ട്. കൂടപ്പുഴ ഫാസ് ആഡിറ്റോറിയത്തിലെ 109-ാം നമ്പർ ബൂത്തിൽ രാവിലെ കുടുംബ സമേതമെത്തി അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ , ഭാര്യ ജിൻസി , അമ്മ മേരി എന്നിവരോടൊപ്പം നായരങ്ങാടിയിലെ അംഗൻവാടി ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഇവിടെ രാവിലെ മുതൽ കനത്ത തിരക്ക് അനുഭവപ്പെട്ടു. വോട്ടിംഗ് മെഷ്യനിൽ കാലതാമസം നേരിട്ടതാണ് വോട്ടർമാർക്ക് വിനയായത്. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ രാഘവൻ തിരുമുൽപ്പാട് മെമ്മോറിയൽ ഗവ.സ്‌കൂളിലെ 118-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കൊടകര മനക്കുളങ്ങര കൃഷ്ണവിലാസം യു.പി സ്‌കൂളിൽ നിന്നും തുടങ്ങി കൊരട്ടിയിലെ ചിറങ്ങര ഇറിഗേഷൻ ഓഫീസിൽ അവസാനിക്കുന്ന വിധത്തിൽ 185 ബൂത്തുകളാണ് ചാലക്കുടി മണ്ഡലത്തിലുള്ളത്. വാച്ച് മരം ഫോറസ്റ്റ് സ്റ്റേഷനിൽ ആദിവാസി വിഭാഗങ്ങൾക്ക് മാത്രമായി ഒരു ബൂത്തുമുണ്ട്. മേലൂരിലെ വില്ലേജ് ഓഫീസ് ബൂത്തിലായിരുന്നു ഏറ്റവും കൂടുതൽ വോട്ടർമാർ. 1423 പേർ. തിരുമുടിക്കുന്നിലെ ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രിയിൽ പ്രത്യേക ബൂത്തും ഏർപ്പെടുത്തിയിരുന്നു.