വടക്കാഞ്ചേരി: ഉത്രാളിക്കാവ് ക്ഷേത്രത്തിൽ പ്രശ്‌നവിധി പരിഹാര കർമ്മങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. വിവിധ ദിവസങ്ങളിലായി മഹാഗണപതിഹോമം, സുദർശന ഹോമം, സുകൃത ഹോമം, ഗുരുതി , മഹാഭഗവത് സേവ, കാൽ കഴുകിച്ചൂട്ട്, തിലഹോമം, സായൂജ്യപൂജ എന്നീ പൂജാകർമ്മങ്ങൾ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശ്രീരാജ് നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. മേയ് 2 വ്യാഴാഴ്ച പ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ ആഘോഷിക്കും. മേടമാസത്തിലെ അവിട്ടം നാളായ വ്യാഴാഴ്ച രാവിലെ 8 മണിക്ക് തന്ത്രി പൂജ, കളഭാഭിഷേകം എന്നിവ നടക്കും.രാവിലെ 9 മണിക്ക് കല്ലൂർ ഉണ്ണിക്കൃഷ്ണമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തോടെ ഗജവീരൻമാരുടെ അകമ്പടിയോടെ കാഴ്ചശീവേലി നടക്കും ഉച്ചക്ക് 11 മണി മുതൽ 2 മണി വരെ വിപുലമായ തോതിൽ അന്നദാനവും ഉണ്ടായിരിക്കും. വൈകീട്ട് 4 മണിക്ക് ഗജവീരൻമാരുടെ അകമ്പടിയോടെ പാണ്ടി മേളവും നടക്കും. സന്ധ്യക്ക് ദീപാരാധന, നിറമാല, സമ്പൂർണ്ണ നെയ് വിളക്ക് , തായമ്പക, കൊമ്പു പറ്റ്, കുഴൽപറ് എന്നിവയും അരങ്ങേറും. രാത്രി 7.15ന് കോങ്ങാട് മധുമാരാരുടെ നേതൃത്വത്തിൽ ഗംഭീര പഞ്ചവാദ്യവും തുടർന്ന് കോമരത്തിന്റെ കൽപ്പന , കരിമരുന്നു പ്രയോഗം എന്നിവ നടക്കും. ഏപ്രിൽ 30 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പ്രസാദ ഊട്ടിനുള്ള ഉൽപ്പന്ന സമർപ്പണം, നെയ് വിളക്കിനുള്ള നെയ് സമർപ്പണം എന്നിവ ക്ഷേത്രനടയിൽ സമർപ്പിക്കാ വന്നതാണെന്ന് ദേവസ്വം ഓഫീസർ ജി.ശ്രീരാജ്, ഉപദേശകസമിതി ഭാരവാഹികളായ വി. ശ്രീധരൻ, സി.ജയേഷ് കുമാർ എന്നിവർ അറിയിച്ചു.