തൃപ്രയാർ: രണ്ട് ബൂത്തുള്ള പോളിംഗ് സ്റ്റേഷനിൽ വരിയിൽ നിൽക്കുന്നവർക്ക് ബൂത്ത് അറിയാനുള്ള അടയാളം ഇല്ലാതിരുന്നത് വോട്ടർമാരെ വലച്ചു. മണിക്കൂറുകൾ ക്യൂ നിന്ന് ബൂത്തിലെത്തിയവർ തങ്ങളുടെ ബൂത്തല്ലെന്നറിഞ്ഞ് അടുത്ത വരിയിൽ പിറകിൽ പോയി നിൽക്കേണ്ടിവന്നു. സംഭവം തർക്കത്തിനും ഇടയാക്കി. നാട്ടിക നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 115, 116 ബൂത്തുകൾ ഉൾപ്പെട്ട നാട്ടിക ഈസ്റ്റ് യു.പി സ്‌കൂളിലാണ് സമ്മതിദായകർ വലഞ്ഞത്.
പോളിംഗ് സ്റ്റേഷന്റെ ചുമരിൽ മാത്രമായിരുന്നു നമ്പർ രേഖപ്പെടുത്തിയത്. രണ്ട് ബൂത്തും അടുത്തടുത്തായാണ് സജ്ജീകരിച്ചത്. വലിയ നിര രൂപപ്പെട്ടതോടെ പിന്നീട് വന്നവർക്ക് ഏതാണ് തങ്ങളുടെ ബൂത്തെന്ന് തിരിച്ചറിയാനുമായില്ല. സഹായിക്കാനേൽപ്പിച്ച താത്കാലിക ജീവനക്കാർ വെയിലേൽക്കാതിരിക്കാൻ തണലത്ത് വിശ്രമിക്കുകയായിരുന്നു. ചില വോട്ടർമാർ ഡ്യൂട്ടിയിലുള്ള പൊലീസുകാരനോട് പരാതിപ്പെട്ടു. പരാതി കൂടിയതോടെ വിശ്രമിച്ചിരുന്ന വനിതാ ജീവനക്കാർ നിര കാണിക്കാൻ മുന്നോട്ടെത്തി. ബൂത്തിൽ വോട്ടിംഗ് മെഷീനിൽ ബീപ്പ് ശബ്ദം വരാൻ കൂടുതൽ സമയം വേണ്ടിവന്നതും വോട്ടിംഗ് മന്ദഗതിയിലാക്കി.