ചാലക്കുടി: വോട്ടിംഗ് മെഷിന്റെ മെല്ലെപ്പോക്കും തകരാറും ചാലക്കുടി മണ്ഡലത്തിലെ 185 ബൂത്തുകളെയും ബാധിച്ചു. ആറിടത്താണ് വോട്ടിംഗ് മെഷിൻ തകരാറിലായത്. ബട്ടൻ അമർത്തിയിട്ടും ബീപ്പ് ശബ്ദം കേൾക്കാൻ ഏറെ വൈകിയെന്നാണ് വോട്ടർമാരുടെ പരാതി. ശബ്ദം കേട്ടിട്ടും വി.വി.പാറ്റ് മെഷിൽ സ്ഥാനാർത്ഥിയുടെ ചിത്രം വന്നില്ലെന്നും പരാതി ഉയർന്നു. കൂടപ്പുഴ 108-ാം നമ്പർ ബൂത്തിൽ ബട്ടൻ അമർത്തി പോയ ഒരാളുടെ വോട്ട് രേഖപ്പെടുത്തിയില്ല. രാവിലെയായിരുന്നു ഭൂരിപക്ഷം ബൂത്തുകളിലും നീണ്ട നിര. ചൗക്ക സെന്റ് ആന്റണീസ് സ്‌കൂളിലെ 36-ാം ബൂത്തിൽ മെഷീൻ കേടുവന്നതിനെ തുടർന്ന് 20 മിനിറ്റ് വൈകിയാണ് പോളിങ്ങ് തുടങ്ങിയത്. മേട്ടിപ്പാടം എം.എ. പി.എസ് സ്‌കൂളിലെ 28-ാംനമ്പർ ബൂത്തിൽ 7.40 മുതൽ ഒരു മണിക്കൂർ നേരം വോട്ടിംഗ് മെഷീൻ പണിമുടക്കി. തുടർന്ന് പുതിയ മെഷീൻ സ്ഥാപിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് പുനരാരംഭിച്ചത്. മേലൂർ കല്ലൂത്തിയിലെ 126-ാം നമ്പർ ബൂത്തിൽ 45 മിനിറ്റ് വൈകിയാണ് പോളിംഗ് തുടങ്ങിയത്. കൂടപ്പുഴ എൻ.എസ്.എസ് ഹാളിലും 45 മിനിറ്റ് മെഷിൻ പ്രവർത്തന രഹിതമായി. അതിരപ്പിള്ളിയിലെ കൊല്ലത്തിരുമേട് ബൂത്തിലും യന്ത്ര തകരാറുണ്ടായി. പൂലാനി വി.ബി.യു.പി സ്‌കൂളിലെ 130-ാം നമ്പർ ബൂത്തിൽ അരമണിക്കൂറാണ് പോളിംഗ് നിർത്തിവച്ചത്.