കൊടുങ്ങല്ലൂർ: ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് കൊടുങ്ങല്ലൂരിൽ സമാധാനപരമായി നടന്നു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് സമാപിച്ചു. ആദ്യം പല ബൂത്തുകളിലും മന്ദഗതിയിലായിരുന്നു പോളിംഗ്. ചില ബൂത്തുകളിൽ ആറിന് ശേഷവും വോട്ടർമാരുണ്ടായിരുന്നു. പോളിംഗ് ബൂത്തുകളിൽ സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിന് എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഭിന്നശേഷി വോട്ടർമാർക്കായി ബൂത്തുകളിൽ റാമ്പും വീൽച്ചെയറുകളും സജ്ജമാക്കിയിരുന്നു. ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും ബൂത്തുകളിൽ പ്രത്യേക ക്യൂ സൗകര്യമുണ്ടായിരുന്നു. കൂടാതെ ആംഗ്യഭാഷാ സൗകര്യവുമുണ്ടായിരുന്നു. രാവിലെ ആറിന് പോളിംഗ് ബൂത്തുകളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ മോക്‌പോൾ നടത്തി യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സുഗമമായ വോട്ടിംഗ് പ്രക്രിയ ഉറപ്പുവരുത്താനായി സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. എറിയാട്ടെ വനിത ബൂത്തുകൾ ഈ തിരഞ്ഞെടുപ്പോടെ ഇല്ലാതായി. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ 1,92,501 വോട്ടർമാരാർക്കായി 174 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. കയ്പമംഗലം മണ്ഡലത്തിൽ 1,77,825 വോട്ടർമാർക്കായി 153 ബൂത്തുകളും ഒരുക്കിയിരുന്നു.