rajan-vote
മഷി പുരട്ടാതെ വോട്ട് ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് നിരാശനായി മടങ്ങുന്ന രാജൻ.

മണലൂർ: അലർജിയുണ്ടാകുന്നതിനാൽ വിരലിൽ മഷി പുരട്ടാതെ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന രാജന്റെ അഭ്യർത്ഥന അധികൃതർ ചെവിക്കൊണ്ടില്ല. മഷി പുരട്ടുന്നത് അലർജിയുണ്ടാകുമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ രാജന് കഴിയാത്തതിനാൽ വോട്ട് ചെയ്യാതെ രാജൻ മടങ്ങി. മണലൂർ സെന്റ് തെരേസാസ് യു.പി സ്‌കൂളിലെ 148-ാം ബൂത്തിൽ വോട്ട് ചെയ്യാൻ പണ്ടാരൻ പരേതനായ രാമൻ മകൻ രാജൻ (84) എത്തിയപ്പോഴാണ് മഷി പുരട്ടാതെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഷിയിട്ട് വോട്ട് ചെയ്തതിന് ഒരാഴ്ച കഴിഞ്ഞ് ചൂണ്ടുവിരലിൽ നിരന്തരം ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ സേവനം തേടി. വോട്ടിംഗിനിടെ ഉപയോഗിച്ച മഷിയാണ് അലർജിക്ക് കാരണമെന്ന് ഡോക്ടർ വിധിയെഴുതി. തുടർന്ന് ചികിത്സ നടത്തിയതിനുശേഷമാണ് ഭേദമായത്. ചികിത്സിച്ച ഡോക്ടറിൽ നിന്ന് വോട്ടിംഗ് മഷി അലർജിയാണെന്ന സർട്ടിഫിക്കറ്റ് വാങ്ങിയ പ്രകാരം പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ മഷി പുരാട്ടാതെയാണ് വോട്ട് ചെയ്തിരുന്നത്. അത് മാദ്ധ്യമ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. ഇതിനിടെ ആ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. ഇത്തവണ വോട്ട് ചെയ്യാൻ വന്നപ്പോൾ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മഷി പുരട്ടാതെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് ഓഫീസർ ലീന പറഞ്ഞു. 21 വയസ് മുതൽ വോട്ട് ചെയ്യാൻ തുടങ്ങിയതാണെന്നും ഇതുവരെ വോട്ട് നഷ്ടപ്പെടുത്തിയിട്ടില്ലെന്നും വീണ്ടും മഷി പുരട്ടി വോട്ട് ചെയ്താൽ അലർജി വന്നാൽ ഉണ്ടാകുമെന്ന് ഭയന്നാണ് വോട്ട് ചെയ്യാതെ മടങ്ങുന്നതെന്ന് രാജൻ പറഞ്ഞു.