തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് രാവിലെ മുതൽ നീണ്ട നിര. മിക്കയിടങ്ങളിലും രാത്രി വൈകിയും നീണ്ട നിര ദൃശ്യമായിരുന്നു. ചിലയിടത്ത് പണിമുടക്കിയ വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം മറ്റ് മെഷീനുകൾ ഉപയോഗിച്ചതൊഴിച്ചാൽ എവിടെയും വോട്ടിംഗിന് കാര്യമായ തടസങ്ങളുണ്ടായില്ല. കള്ളവോട്ട് ചെയ്യുന്ന സംഭവങ്ങളോ മറ്റ് അക്രമ സംഭവങ്ങളോ എവിടെയും ഉണ്ടായില്ല. തൃശൂരിലെ മണ്ഡലങ്ങളിൽ പൂർണമായും വെബ് കാസ്റ്റിംഗ് സംവിധാനമേർപ്പെടുത്തിയിരുന്നു. രാവിലെ മുതൽ നീണ്ട ക്യൂവാണ് മിക്ക ബൂത്തുകളിലും ദൃശ്യമായത്. കനത്ത വെയിലിനെയും ചൂടിനെയും കൂസാതെ വീട്ടമ്മമാരും വൃദ്ധരും വോട്ട് രേഖപ്പെടുത്താനെത്തി. വരിയിൽ നിന്നവർക്ക് വോട്ടിംഗ് സമയം കഴിഞ്ഞതോടെ സ്ലിപ്പുകൾ നൽകി. രാത്രി 8 മണിയോടെയാണ് ചില ബൂത്തുകളിൽ വോട്ടിംഗ് പൂർത്തിയായത്.